
ഉൽപാദനം കുറഞ്ഞു; കുതിച്ചുകയറി പച്ചത്തേങ്ങ വില
തിരുവനന്തപുരം :ഉൽപാദനം കുറയുകയും ആവശ്യം കൂടുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിപ്പ് തുടരുന്നു.7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ നാളികേരത്തിന്റെ വില. കിലോയ്ക്ക് 53 രൂപ. കടയിൽ നിന്ന് വാങ്ങുമ്പോൾ ഇത് 60 രൂപ വരെയും ആകും. വലിയ തേങ്ങയാണെങ്കിൽ ഒരു തേങ്ങയ്ക്ക് 30 രൂപ വരെ കിട്ടും.ചെറുതാണെങ്കിലും 20 രൂപയിൽ കുറയില്ല.ഒരു കിലോ പൊതിച്ച തേങ്ങക്ക് 53 രൂപയാണ് വില. ഇത് ഏറിയും കുറഞ്ഞും വരും.കടയിൽ നിന്ന് തേങ്ങ വാങ്ങുമ്പോൾ ചില്ലറ വിൽപന വില കിലോയ്ക്ക് 60 രൂപ വരെയുണ്ട്.
ഉൽപാദനം നാലിലൊന്നായി കുറഞ്ഞത് കാരണമാണ് വില വർധനവ് ഇത്രയും രൂക്ഷമായതെന്ന് വ്യാപാരികൾ പറഞ്ഞു.സാധാരണ നവംബർ, ഡിസംബർ മാസങ്ങളിൽ ഉൽപാദനം കുറവായിരിക്കും. എന്നാൽ, ഉൽപാദനം കുറഞ്ഞെങ്കിലും തേങ്ങയുടെ ആവശ്യത്തിൽ കുറവുണ്ടായിട്ടില്ല എന്നതാണ് വസ്തുത. ശബരിമല സീസൺ തുടങ്ങിയതോടെ നാളികേരത്തിന് ആവശ്യവും കൂടി. അതേസമയം, നാളികേരത്തിൻ്റെ വിലക്കയറ്റം കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.ഈ വില നിലനിർത്തിക്കൊണ്ട് മാത്രമേ കർഷകർക്ക് പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കേര കർഷകർ അഭിപ്രായപ്പെടുന്നത്. കൊപ്ര ക്വിന്റലിന് 17000 രൂപയാണ് വില. തേങ്ങയ്ക്ക് വില ഉയർന്നതോടെ വിപണിയിൽ വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 250ന് മുകളിലെത്തുകയും ചെയ്തു.