എം.എം.ലോറൻസ് അന്തരിച്ചു

എം.എം.ലോറൻസ് അന്തരിച്ചു

  • മുതിർന്ന സിപിഎം നേതാവ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്‌ഥാന ജനറൽ സെക്രട്ടറി, എൽഡിഎഫ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്

കൊച്ചി: സിപിഎം നേതാവ് എം.എം.ലോറൻസ് (95) കൊച്ചിയിൽ അന്തരിച്ചു. മുതിർന്ന സിപിഎം നേതാവ്, സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്‌ഥാന ജനറൽ സെക്രട്ടറി, എൽഡിഎഫ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തോട്ടംത്തൊഴിലാളികൾ, തുറമുഖത്തൊഴിലാളികൾ, ട്രാൻസ്പോർട്ട് മർച്ചന്റ് ഷിപ്പിങ് തൊഴിലാഴികൾ തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു.

എറണാകുളം ജില്ലയിൽ മുളവുകാട് മാടമാക്കൽ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിൻ്റെയും മകനായി 1929 ജൂൺ 15ന് ജനിച്ചു. ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ. സജീവൻ, സുജാത, അഡ്വ. എം.എൽ. അബി, ആശ ലോറൻസ്. സ്വാതന്ത്ര്യ സമര പോരാളിയും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന അന്തരിച്ച എബ്രഹാം മാടാക്കൽ ലോറൻസിന്റെ ജേഷ്‌ഠനാണ്.

എറണാകുളം സെൻറ് ആൽബർട്ട്സ് സ്കൂൾ, മുനവിറുൽ ഇസ്ലാം സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൻസ് പത്താം തരം വരെ മാത്രമേ പഠനം നടത്തിയുള്ളൂ.1946ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതോടെ പഠനം ഉപേക്ഷിച്ചു.

ഇടപ്പളളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസം ജയിലിൽ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽ തടങ്കലിലും മിസ തടവുകാരനായും ആറു വർഷത്തിലേറെ വിവിധ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ടായിരുന്നു. 1980ൽ ഇടുക്കിയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1964ലെ പിളർപ്പിനെ തുടർന്ന് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന ലോറൻസ് 1964 മുതൽ 1998 വരെ പാർട്ടി സംസ്ഥാന സമിതി അംഗവും 1967 മുതൽ 1978 വരെ മാർക്‌സിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയും ആയിരുന്നു .

1978 മുതൽ 1998 വരെ മാർക്‌സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതൽ 1998 വരെ മാർക്‌സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു. 1986 മുതൽ 1998 വരെ ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കൺവീനറായിരുന്നു. പിന്നീട് 1998ൽ പാലക്കാട് വച്ച് നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

സേവ് സിപിഎം ഫോറം അന്വേഷണ റിപ്പോർട്ടിന്റെ തുടർച്ചയായി പാർട്ടി നടപടി നേരിട്ട് ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ടു. 1998 മുതൽ 2013 വരെ സിഐടിയുവിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു. 2002-ൽ എറണാകുളം ജില്ലാക്കമ്മറ്റി അംഗമായ ലോറൻസ് 2005-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വച്ച് പാർട്ടി സംസ്ഥാന സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )