
എം വി ഡി ഹൈടെക് ആകും; കിയോസ്ക്, വെർച്വൽ പിആർഒ എന്നിവ വരുന്നു
- ക്യാംപസ് ഇൻഡസ്ട്രീസ് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് വെർച്വർ പിആർഒ വികസിപ്പിച്ചിരിക്കുന്നത്
തിരുവനന്തപുരം:സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി വെർച്വൽ പിആർഒ സംവിധാനം അവതരിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഓൺലൈൻ സേവനങ്ങളും ഇത് എങ്ങനെ ചെയ്യാമെന്നുള്ള ടൂട്ടോറിയലും ഉൾപ്പെടുന്നതാണ് വെർച്വർ പിആർഒ. പിഴകളും മറ്റ് ഫീസുകളും ഓൺലൈനായി അടക്കുന്നത് മുതൽ എംവിഡിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ സംവിധാനത്തിൽ സാധ്യമാകും.ക്യാംപസ് ഇൻഡസ്ട്രീസ് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് വെർച്വർ പിആർഒ വികസിപ്പിച്ചിരിക്കുന്നത്.

ഗവൺമെന്റ് പോളിടെക്നിക് കോളേജ് കളമശ്ശേരി, വിസ്മയ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്, സ്കിൽ ഏജ് ഡിജിറ്റൽ അക്കാദമി മലപ്പുറം എന്നിവടങ്ങളിലെ വിദ്യാർഥികൾ ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പരിപാലനവും പ്രവർത്തനവുമെല്ലാം ഈ സ്ഥാപനങ്ങൾ തന്നെയായിരിക്കും ചെയ്യുക. ക്യുആർ കോഡിലൂടെ വിവരങ്ങൾ ലഭിക്കുന്നതിനാൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
