
‘എന്റെ ഭൂമി’ സംയോജിത പോർട്ടലിന് ആശംസകളുമായി മമ്മൂട്ടി
- ഭൂപരിപാലന നവീകരണ പ്രക്രിയയിൽ ലോകത്തിന് തന്നെ മാതൃക സൃഷ്ടിക്കുന്നതാണ് ‘എന്റെ ഭൂമി’ പോർട്ടലെന്ന് മമ്മൂട്ടി
തിരുവനന്തപുരം: ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ‘എന്റെ ഭൂമി’ സംയോജിത പോർട്ടലിന് ആശംസകളുമായി നടൻ മമ്മൂട്ടി. ഭൂപരിപാലന നവീകരണ പ്രക്രിയയിൽ ലോകത്തിന് തന്നെ മാതൃക സൃഷ്ടിക്കുന്നതാണ് ‘എന്റെ ഭൂമി’ പോർട്ടലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ‘എന്റെ ഭൂമി’ സംയോജിത പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും.

റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾചേർന്നാണ് സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ സംവിധാനമാണിത്. ഭൂമി കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യാൻ ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമി തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങൾ പോർട്ടൽ വഴി ലഭിക്കും.