
എയർ ഇന്ത്യ വിമാനാപകടം; 166 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷംവീതം ഇടക്കാല നഷ്ടപരിഹാരം
- ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത് ജൂൺ 12നാണ്
അഹ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച 166 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷംരൂപ വീതം നഷ്ടപരിഹാരമായി നൽകി. എയർ ഇന്ത്യ സഹായം വിതരണം ചെയ്‌തത് യാത്രക്കാരായ 147 പേരുടെയും അല്ലാത്ത 19 പേരുടെയും കുടുംബങ്ങൾക്കാണ്. ഇത് കൂടാതെ 52 പേരുടെ രേഖകൾ കൂടി കൈവശമുണ്ടെന്നും അവർക്കും ഉടൻ സഹായം വിതരണം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.

ബാക്കിയുള്ള 52 പേർക്ക് രേഖകൾ പരിശോധിച്ചശേഷം സഹായം നൽകുമെന്നും അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സൺസ് 500 കോടി രൂപയുടെ ‘എഐ 171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്’ എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കൊപ്പം കമ്പനി നിലകൊള്ളുമെന്നും അവർക്ക് ഐകദാർഢ്യം പ്രഖ്യാപിക്കുകയാണ് തങ്ങളെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇവക്ക് പുറമെ അപകടത്തിൽ തകർന്ന ബി.ജെ മെഡിക്കൽ കോളജ് കെട്ടിടം പുനർനിർമിച്ചു നൽകാനും എയർ ഇന്ത്യ തയാറായിട്ടുണ്ട്. ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത് ജൂൺ 12നാണ്. ദുരന്തത്തിൽ ജീവൻ നഷ്ടമായത് 260 പേർക്കാണ് . വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാർ എന്നയാൾ മാത്രമാണ് രക്ഷപ്പെട്ടത്.