
വിദേശ സസ്യങ്ങളും മത്സ്യങ്ങളും കേരളം കീഴടക്കുന്നു
അധിനിവേശ സസ്യങ്ങളും മൃഗങ്ങളും വലിയ ഭീഷണിയായി മാറുമെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി എഴുതുന്നു.
ഈ വിഷയത്തിൽ മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ് ശ്രദ്ധേയമാവുന്നു.
ജി ഇരുപത് രാജ്യങ്ങളിലെ പരിസ്ഥിതി മേധാവികളുടെ സമ്മേളനം ആയിരുന്നു കഴിഞ്ഞ മാസം ബ്രസീലിൽ. ആമസോണിന്റെ ഹൃദയത്തിൽ ഉള്ള മനൗസ് എന്ന നഗരത്തിൽ ആണ് സമ്മേളനം.

സമ്മേളനത്തിൽ പങ്കെടുക്കാൻ ജി ഇരുപത് രാജ്യങ്ങളിൽ നിന്നും മാത്രമല്ല പ്രത്യേകം ക്ഷണിതാക്കൾ ആയ മറ്റു രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ ഇവയിൽ നിന്നൊക്കെയായി നൂറിലേറെ പ്രതിനിധികൾ ഉണ്ട്.
സമ്മേളനത്തിനിടക്ക് ആമസോൺ നദിയും അവിടുത്തെ ആവാസ വ്യവസ്ഥയും പരിചയപ്പെടുത്തുന്ന ഒരു സെഗ്മെന്റ് ഉണ്ട്. ആമസോൺ ഇല്ലാതെ ബ്രസീലിലെ പരിസ്ഥിതി ചർച്ച പൂർത്തിയാകില്ലല്ലോ.
ആമസോണിൽ യാത്രയിലെ ഞങ്ങളുടെ ഗൈഡ് ഒരു ബ്രസീലിയൻ പ്രൊഫസർ ആണ്.
“പിരാരുക്കു എന്ന മത്സ്യത്തെ പറ്റി കേട്ടിട്ടുണ്ടോ?” എന്നവർ ചോദിച്ചു.
ഞങ്ങൾ എല്ലാം കണ്ണ് മിഴിച്ചു. ഇല്ല
ലോകത്തെ ഏറ്റവും വലിയ ശുദ്ധ ജല മത്സ്യമാണ്.
അത് അരാപൈമ അല്ലേ ?, ഞാൻ ചോദിച്ചു.
“അതെ, അതിൻ്റെ പ്രാദേശിക നാമം ആണ് പിരാരുക്കു”
“നിങ്ങൾ ആരെങ്കിലും അരാപൈമ മത്സ്യത്തെ കണ്ടിട്ടുണ്ടോ ?”
അടുത്ത ചോദ്യം
ആരും കണ്ടിട്ടില്ല.
ഞാൻ ഒഴികെ !!,
ഞാൻ കൈ ഉയർത്തി.
“നിങ്ങൾ ഇതിന് മുൻപ് ബ്രസീലിൽ വന്നിട്ടുണ്ടോ?”
“ഇല്ല”
“പിന്നെവിടെ?”
“എൻ്റെ നാട്ടിൽ !”
“നിങ്ങൾ എവിടെ നിന്നാണ്?”
“ഇന്ത്യയിൽ നിന്നും”
ഇത്തവണ കണ്ണ് മിഴിച്ചത് ബ്രസീലിയൻ പ്രൊഫസറുടെ ആണ്.
അവർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
മറ്റുള്ളവർക്കും. അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള നൂറു പ്രതിനിധികളിൽ ബ്രസീലിന് പുറത്ത് അരാപൈമയെ കണ്ടിട്ടുള്ള ഒറ്റ ആൾ ഞാൻ മാത്രം !!.
പക്ഷെ സംഗതി സത്യമാണ്.
കേരളത്തിൽ അനവധി അരാപൈമ മൽസ്യങ്ങൾ ഉണ്ട്. ആമസോണിൽ നിന്നും പതിനയ്യായിരം കിലോമീറ്റർ ദൂരെ തുമ്മാരുകുടിയിൽ നിന്നും പത്തു കിലോമീറ്റർ പോലും ദൂരത്തല്ലാതെ അരാപൈമ മൽസ്യങ്ങൾ ഉണ്ട്. വേണമെങ്കിൽ എനിക്ക് അതിന്റെ കുഞ്ഞുങ്ങളെ വാങ്ങി വെങ്ങോലയിൽ എത്തിക്കാൻ ഇപ്പോൾ ഒരു നിയന്ത്രണവും ഇല്ല !

അരാപൈമ മാത്രമല്ല മറ്റനവധി മറുനാടൻ മത്സ്യങ്ങളും പക്ഷികളും പാമ്പുകളും ഒക്കെ ഇപ്പോൾ നാട്ടിൽ വാങ്ങാൻ കിട്ടും. ഓൺലൈൻ ആയി ഓർഡർ ചെയ്താൽ പാർസൽ ആയി വരുന്നവ വരെ ഉണ്ട്.
ജന്തുക്കൾ മാത്രമല്ല സസ്യങ്ങളുടെ കാര്യത്തിലും ഇതേ വിഷയം ഉണ്ട്.
ഇവയിലെ ഏതൊക്കെ ഇൻവേസീവ് ആണ് എന്ന് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും അറിയില്ല.
അധിനിവേശ സസ്യങ്ങൾ നമ്മുടെ നാടും കാടും കീഴടക്കുകയാണ്.
ഇനി അധിനിവേശ മൽസ്യങ്ങൾ ആകും നമ്മുടെ ആവാസ വ്യവസ്ഥയെ, മൽസ്യ സമ്പത്തിന്റെ, ഉൾനാടൻ മൽസ്യകൃഷിയെ ഒക്കെ കുഴപ്പത്തിൽ ആക്കാൻ പോകുന്നത്.
ഇതൊക്കെ ലോകത്ത് മുൻപ് സംഭവിച്ചിട്ടുണ്ട്. പുറത്തു നിന്നും വരുന്നവരുടെ ചെരുപ്പിലെ ചെളി പോലും പ്രശ്നമാക്കുന്ന ആസ്‌ട്രേലിയയിൽ ഉൾപ്പടെ അധിനിവേശ സസ്യങ്ങളും ജന്തുക്കളും ഒക്കെ വലിയ വെല്ലുവിളിയാണ് അവരുടെ ആവാസവ്യവസ്ഥക്ക് ഉണ്ടാക്കുന്നത്. ഏഷ്യൻ കാർപ്പ് എന്ന അധിനിവേശ മൽസ്യം അമേരിക്കയിലെ തടാകങ്ങളുടെയും നദികളുടെയും ആവാസവ്യവസ്ഥക്ക് തകരാർ ഉണ്ടാകുന്നതിനാൽ അതിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

പക്ഷെ കേരളത്തിൽ അധിനിവേശ സസ്യങ്ങളെപ്പറ്റി കുറച്ചൊക്കെ അവബോധം ഉണ്ടെങ്കിലും അധിനിവേശത്തിന് എത്തുന്ന മൽസ്യങ്ങളെപ്പറ്റി, മറ്റു ജന്തുക്കളെ പറ്റി അധികം അറിവോ അവബോധമോ ഇല്ല. ഓൺലൈൻ കച്ചവടത്തിന്റെ വരവോടെ ഇവയുടെ കൈമാറ്റം ഏറെ എളുപ്പമായിരിക്കുന്നു.
പണ്ടൊക്കെ വിമാനം ഇറങ്ങുന്ന സമയത്ത് നിങ്ങളുടെ കയ്യിൽ വിത്തോ ചെടിയോ ഉണ്ടോ എന്നൊക്കെ ഒരു ചോദ്യമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോൾ അതുമില്ല.
ഇത് കുഴപ്പമാണ്.
കേരളത്തിൽ ഇപ്പോൾ ഏതൊക്കെ മറുനാടൻ മത്സ്യങ്ങളും ജന്തുക്കളും ഉണ്ട്, അവ എങ്ങനെ എത്തി ?, ആര് കൊണ്ട് വന്നു? അവയിൽ ഏതൊക്കെ ഇൻവേസീവ് ആണ് ?, ഇതൊക്കെ ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?
ഇതിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും എന്താണ് ?
ഇത് അന്വേഷിക്കേണ്ടത് ആരാണ്?
ഉത്തരവാദിത്വപ്പെട്ടവർ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു.
ആമസോണിലെ പിരാരുക്കു അവിടെ ഇരിക്കുന്നതാണ് നല്ലത്. എറണാകുളത്തെ കുളങ്ങളിൽ അവർ വളരുന്നതും വലുതാകുന്നതും അവർക്കോ നമുക്കോ നല്ലതല്ല.