
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ 2025 ഫെബ്രുവരി 27ന്
- ഡിസംബർ 30 മുതൽ ജനുവരി 15 വരെ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം :2024-25 അധ്യയന വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ 2025 ഫെബ്രുവരി 27നു നടക്കും. രാവിലെയും ഉച്ചയ്ക്കുമുള്ള രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. യു.എസ്.എസ് വിജയികൾക്ക് തുടർപഠനത്തിനായി 1500 രൂപയും എൽ.എസ്.എസ് വിജയികൾക്ക് 1000 രൂപയും പ്രതിവർഷം ലഭിക്കും.മൂന്നുവർഷമാണ് സ്കോളർഷിപ്പ് തുക ലഭിക്കുക.എൽ.എസ്.എസ്കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ്/ അംഗീകാരമുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്നവരും രണ്ടാം ടേം പരീക്ഷയിൽ മലയാളം, ഇംഗ്ലിഷ്, ഗണിതം, പരിസരപഠനം എന്നീവിഷയങ്ങളിൽ ‘എ’ ഗ്രേഡ് നേടിയിട്ടുള്ള വരുമായ വിദ്യാർഥികൾക്കാണ് യോഗ്യത.

ഉപജില്ലാതല കലാ, കായിക, പ്രവൃത്തി പരിചയ, ഗണിത, സോഷ്യൽ 9 സയൻസ് മേളകളിൽ ഏതെങ്കിലും ഇനത്തിൽ ‘എ’ ഗ്രേഡോ ഒന്നാം സ്ഥാനമോ ലഭിച്ചവർക്ക് മേൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ ‘ബി’ ഗ്രേഡ് ലഭിച്ചാലും അപേക്ഷിക്കാം. ഒന്നാം ഭാഷയും (മലയാളം /കന്നട / തമിഴ്) ഇംഗ്ലിഷും പൊതുവിജ്ഞാനവുമടങ്ങിയ ഒന്നാം പേപ്പറും പരിസര പഠനവും ഗണിതവുമടങ്ങിയ രണ്ടാം പേപ്പറുമടങ്ങിയതാണ് പരീക്ഷ. ഓരോ പേപ്പറിനും ഒന്നര മണിക്കൂറാണ് സമയം. രണ്ട് പേപ്പറിലും പരമാവധി 40 മാർക്ക് വീതം. വിശദമായ പരീക്ഷ ഘടന വിജ്ഞാപനത്തിലുണ്ട്. രണ്ടു പേപ്പറിനും കൂടി 60 ശതമാനമോ അതിന് മുകളിലോ മാർക്ക് ലഭിക്കുന്നവർക്കാണ് സ്കോളർഷിപ്പിന് അർഹത.

യു.എസ്.എസ് കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ്/ അംഗീകാരമുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്കാണ് യു.എസ്.എസ് പരീക്ഷയ്ക്ക് യോഗ്യത. ഏഴാം ക്ലാസ്സിലെ രണ്ടാം ടേം പരീക്ഷയിൽ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. എല്ലാ വിഷയങ്ങളിലും ‘എ’ ഗ്രേഡ് നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. എന്നാൽ സബ്‌ജില്ലാ കലാ, കായിക, പ്രവൃത്തി പരിചയ, ഗണിത, സോഷ്യൽ സയൻസ്, വിദ്യാരംഗം മേളകളിൽ ‘എ’ ഗ്രേഡ്/ഒന്നാംസ്ഥാനം നേടിയവർക്ക് ഭാഷാ വിഷയങ്ങളിൽ രണ്ട് പേപ്പറുകൾക്ക് ‘എ’ ഗ്രേഡും ഒന്നിന് ‘ബി’ ഗ്രേഡും ശാസ്ത്ര വിഷയങ്ങൾക്ക് രണ്ടെണ്ണത്തിന് ‘എ’ ഗ്രേഡും ഒന്നിന് ‘ബി’ ഗ്രേഡും ലഭിച്ചാലും അപേക്ഷിക്കാം. പഠിക്കുന്ന സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരാണ് അർഹരായ കുട്ടികളുടെ പേര് വിവരങ്ങൾ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടത്. ഡിസംബർ 30 മുതൽ ജനുവരി 15 വരെയാണ് രജിസ്റ്റർ ചെയ്യാം. പ്രത്യേക രജിസ്ട്രേഷൻ ഫീസില്ല.