
ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകും
- പുതുക്കിയില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിൽ കുട്ടികൾക്ക് പ്രശ്ങ്ങൾ നേരിടേണ്ടിവരുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥൻ അറിയിച്ചു
ന്യൂഡൽഹി: അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പുതുക്കിയില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിൽ കുട്ടികൾക്ക് പ്രശ്ങ്ങൾ നേരിടേണ്ടിവരുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥൻ അറിയിച്ചു.

അഞ്ച് വയസിന് താഴെയുള്ള ഒരു കുട്ടി ആധാറിൽ ചേരുമ്പോൾ, അവരുടെ ഫോട്ടോ, പേര്, ജനന തിയതി, ലിംഗഭേദം, വിലാസം, തെളിവ് രേഖകൾ എന്നിവ നൽകണം. ആധാർ എൻറോൾമെന്റിനായി വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക്‌സും ശേഖരിക്കില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോൾ ആധാറിൽ വിരലടയാളം, ഫോട്ടോ എന്നിവ നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയിൽ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല.എന്നാൽ, ഏഴ് വയസ്സ് കഴിഞ്ഞാണ് അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ 100 രൂപ ഫീസായി നൽകേണ്ടിവരും.