
ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടം ചൂടി ഇന്ത്യ
- നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിൽ മുത്തമിടുന്നത്.
ബിഹാർ:ഏഷ്യ കപ്പ് പുരുഷ ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ കൊറിയയെ 4-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. എട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ചാംപ്യന്മാരാകുന്നത്. നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിൽ മുത്തമിടുന്നത്.

മൽസരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ സുഖജീത് സിങ്ങിന്റെ മികച്ച ഗോളിൽ ഇന്ത്യ മുന്നിലെത്തി. ആദ്യ പകുതിയുടെ രണ്ടാം ക്വാർട്ടറിൽ ദിൽപ്രീത് സിങ്ങിലൂടെഇന്ത്യ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ കൊറിയയ്ക്കെതിരെ 0-2 ന് ഇന്ത്യ മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ദിൽപ്രീത് സിങ് ഇന്ത്യയ്ക്കായി മൂന്നാം ഗോളും നേടി. പിന്നാലെ അമിത് രോഹിദാസിലൂടെ വീണ്ടും ഇന്ത്യ ലീഡ് ഉയർത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ സോൺ ഡേയ്നിലൂടെ ദക്ഷിണ കൊറിയ ഒരു ഗോൾ മടക്കി.ഏഷ്യാ കപ്പ് ജയത്തോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്കും ഇന്ത്യ യോഗ്യത നേടി.