
ഒമാനിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
- മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മസ്കറ്റ്:ഇന്ന് മുതൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് മുതൽ ഡിസംബർ 26 വ്യാഴാഴ്ച വരെ രാജ്യത്ത് പലയിടങ്ങളിലും ന്യൂനമർദ്ദത്തെ തുടർന്നുള്ള കാലാവസ്ഥ മാറ്റങ്ങളുണ്ടാകുമെന്നാണ് അറിയിപ്പ്.ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമാണ് സാധ്യത. മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മുസന്ദം, നോർത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ ഇടവിട്ടുള്ള മഴ പെയ്യാനും സാധ്യതയുണ്ട്. 5-15 മില്ലിമീറ്റർ വരെ മഴ ലഭിക്കും. കാറ്റ് ശക്തമാകുകയും കടൽ പ്രക്ഷുബ്‌ധമാകുകയും ചെയ്യും. വ്യാഴാഴ്ചയും കനത്ത മഴ തുടരും. മുസന്ദം, നോർത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ്, സൗത്ത് ശർഖിയ, ദാഖിലിയയുടെ വിവിധ ഭാഗങ്ങൾ, അൽ ഹാജർ മലനിരകൾ എന്നിവിടങ്ങളിൽ വ്യാഴാഴ്‌ചയും മഴ പ്രതീക്ഷിക്കുന്നുണ്ട്.