
ഒരാളുടെ അക്കൗണ്ടിലുള്ള നിശ്ചിത തുക, മറ്റൊരാൾക്ക് യുപിഐ വഴി ഉപയോഗിക്കാം
- സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മകനെ തൻ്റെ യുപിഐ സർക്കിളിൽ അച്ഛനു ബന്ധിപ്പിക്കാം.
തിരുവനന്തപുരം:രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു കുട്ടികൾക്ക് സ്വന്തം ഫോണിൽ പണമിടപാടു നടത്താനുള്ള ‘യുപിഐ സർക്കിൾ’ ഫീച്ചർ ഗൂഗിൾ പേ അടക്കമുള്ള ആപ്പുകളിൽ പൂർണതോതിൽ ലഭ്യമായി. കുട്ടികൾക്കു മാത്രമുള്ളതല്ല ഈ സംവിധാനം. ഒരാളുടെ അക്കൗണ്ടിലുള്ള നിശ്ചിത തുക, മറ്റേതൊരാൾക്കും യുപിഐ വഴി ഉപയോഗിക്കാം. മറ്റൊരാൾക്ക് എത്ര തുക വരെ ഉപയോഗിക്കാമെന്നു നമുക്കു നിശ്ചയിക്കാം. ഉദാഹരണത്തിന്, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മകനെ തൻ്റെ യുപിഐ സർക്കിളിൽ അച്ഛനു ബന്ധിപ്പിക്കാം.

രണ്ടു തരത്തിലാണ് പേയ്മെന്റുകൾ. ആദ്യത്തെ രീതിയനുസരിച്ചു മകൻ നടത്തുന്ന ഓരോ പണമിടപാടിനും അച്ഛൻ അംഗീകാരം നൽകണം. ഉദാഹരണത്തിന് മകൻ കടയിൽ പോയി യുപിഐ വഴി 200 രൂപ നൽകാൻ ശ്രമിച്ചാൽ അച്‌ഛന് സ്വന്തം ഫോണിൽ പേയ്മെന്റ് റിക്വസ്റ്റ് ലഭിക്കും. അദ്ദേഹം പിൻ ടൈപ് ചെയ്താലേ ഇടപാട് നടക്കൂ. രണ്ടാമത്തെ രീതിയെങ്കിൽ ഓരോ തവണയും ഇടപാട് അംഗീകരിക്കേണ്ടതില്ല. പകരം ഒരു മാസം പരമാവധി ചെലവഴിക്കാവുന്ന തുക മുൻകൂട്ടി നിശ്ചയിക്കാം. നടത്തുന്ന ഇടപാടുകളുടെ വിവരം അച്ഛനും ലഭിക്കും.
