ഒരു ലോക്കൽ ബോഡി ഒരു ഉത്പന്നം ‘ പദ്ധതിയുമായി സർക്കാർ

ഒരു ലോക്കൽ ബോഡി ഒരു ഉത്പന്നം ‘ പദ്ധതിയുമായി സർക്കാർ

  • ലക്ഷ്യം പ്രാദേശിക വിഭവങ്ങളെ സംരംഭക വളർച്ചക്ക് ഉപയോഗപ്പെടുത്തുക.

പ്രാദേശിക സാമ്പത്തിക വികസനത്തിന് പുതിയ പദ്ധതിയുമായി കേരള സർക്കാർ. ഒരു ലോക്കൽ ബോഡി ഒരു ഉൽപ്പന്നം’ (One Local Body, One Product – OL OP) എന്നാണ് ഈ പദ്ധതിയുടെ പേര്. പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങളെ സംരംഭക വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഉൽപ്പന്നങ്ങളെ കൂടുതൽ മൂല്യവർധിതമാക്കി വിദേശ വിപണിയിൽ എത്തിക്കുക, കർഷകരുടെ ഉത്‌പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുക, ഉത്പന്നങ്ങൾ മൂല്യവർധിതമാക്കുന്ന സംരംഭകർക്ക് നല്ല വരുമാനം ഉറപ്പാക്കുക എന്നിവ പ്രധാന ലക്ഷ്യങ്ങളാണ്.

വ്യവസായ – തദ്ദേശസ്വയംഭരണ വകുപ്പുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഒ.എൽ.ഒ.പി. എന്ന് വ്യവസായ വകുപ്പ് അംഗീകരിച്ച് പുറത്തിറക്കിയ രേഖയിൽ പറയുന്നു. ജില്ലാ വ്യവസായകേന്ദ്രങ്ങൾ പഠനം നടത്തി ഓരോ പഞ്ചായത്തിലെയും ലഭ്യമായ വിഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നത്. പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതിനകം തന്നെ തങ്ങൾക്ക് വേണ്ട ഉത്പന്നത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രോത്സാഹനവും സഹായങ്ങളും ലഭ്യമാകുന്നില്ല.
ഒ.എൽ.ഒ.പി. പ്രോജക്റ്റുകൾ വികസിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് സർക്കാർ 50,000 രൂപ വരെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുവേണ്ടിയാണ് ഈ തുക അനുവദിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൺസൾട്ടന്റുമാരെ കൊണ്ട് അവരുടെ ഉത്പന്നത്തിന്റെ സമഗ്രമായ പുരോഗതിക്കായി ഒരു ഡി.പി. ആർ. തയ്യാറാക്കിക്കാവുന്നതാണ്. എൽ.എസ്.ജികൾ ആവശ്യപ്പെടുന്നതനുസരിച്ച് രണ്ട് ഘട്ടങ്ങളിലായാണ് തുക വിതരണം നടത്തപ്പെടുന്നത്. 50 ശതമാനം തുകയാണ് അഡ്വാൻസായി അനുവദിക്കുക. ബാക്കി തുക പദ്ധതി രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞതിനു ശേഷം മാത്രമേ നൽകുകയുള്ളൂ. ഈ വർഷം 18 ലക്ഷം രൂപ ഇതിനായി സർക്കാർ മാറ്റി വെച്ചിട്ടുണ്ട്.

കേരളത്തിൽ ആകെ 941 ഗ്രാമപ്പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 മുനിസിപ്പൽ കോർപ്പറേഷനുകളുമുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ചുരുങ്ങിയത് 1,035 ഉത്പന്നങ്ങളെങ്കിലും കണ്ടെത്താൻ കഴിയും. ഒന്നിൽ രണ്ടു പുതുസംരംഭങ്ങളെങ്കിലും കൊണ്ടുവരാൻ കഴിഞ്ഞാൽ 2,070 സംരംഭങ്ങൾ ഈ കണക്കിൽ കേരളത്തിൽ പുതുതായി ഉണ്ടാക്കാൻ സാധിക്കും. ഫാക്ടറികൾ സ്ഥാപിച്ചും കുടിൽ വ്യവസായമായും ഇത്തരം വ്യവസായങ്ങൾ വളർത്തിയെടുക്കാനാകും.

കേരളത്തിന്റെ പ്രാദേശിക വിഭവങ്ങൾക്ക് ലോകത്താകമാനം സ്വീകാര്യതയുണ്ട്. വൈവിധ്യമാർന്ന വിഭവങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്. അവയെ വേണ്ടവിധം തിരഞ്ഞെടുപ്പ് നടത്തി വ്യാവസായികമായും ജനശ്രദ്ധ നേടിയെടുത്തും ലോകനിലവാ രത്തിൽ ഉപയോഗപ്പെടുത്തുക എന്നത് കേരളത്തിന്റെ സംരംഭവികസനത്തിന് മുതൽക്കൂട്ടാവും എന്നത് തീർച്ചയാണ്. ഈ വിഭവങ്ങൾ മൂല്യവർധിതമാക്കി വിദേശവിപണിയിൽ എത്തിക്കാൻകൂടി കഴിഞ്ഞാൽ അതൊരു വലിയ വിജയമാവും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )