
ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിയുന്നത് ശരിയല്ല, സമഗ്ര അന്വേഷണം വേണം; സിദ്ദിഖിനെ തള്ളി ജഗദീഷ്
- ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു എന്ന മുഖവുരയോടെ ആയിരുന്നു ജഗദീഷ് വിഷയത്തില്‍ പ്രതികരിച്ചത്
തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് തിരുത്തി താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ നടൻ ജഗദീഷ്. ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ലെന്നും അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്ര അന്വേഷണം വേണമെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു എന്ന മുഖവുരയോടെ ആയിരുന്നു ജഗദീഷ് വിഷയത്തില്‍ പ്രതികരിച്ചത്
“ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ കോടതി പറഞ്ഞാലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതിൽ നിന്ന് അമ്മയ്ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേബറിനോ ഒഴിഞ്ഞുമാറാൻ കഴിയില്ല. എന്നാൽ വിജയിച്ച നടികളോ നടന്മാരോ വഴിവിട്ട പാതയിലൂടെയാണ് വിജയം വരിച്ചതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. ഈ സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. ഹേമ കമ്മിറ്റി തന്ന വിവരമനുസരിച്ചാണ് പറയുന്നത്. അല്ലാതെ എനിക്ക് വ്യക്തിപരമായി നേരത്തേ അറിയാമായിരുന്നു കാര്യങ്ങളല്ല വാതിൽലിൽ മുട്ടി എന്ന് ഒരു ആർട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല എന്നാണ് എന്റെ പക്ഷം. അമ്മ എന്ന സംഘടനയും വാദിക്കുന്നത് അത് തന്നെയാണ്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം .പലതൊഴിലിടത്തിലും ഇതുപോലെ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അങ്ങനെ ചോദിക്കാൻ പാടില്ല എന്ന പക്ഷക്കാരമാണ് ഞാൻ. അത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. അത് ഭാവിയിൽ നടക്കുന്നത് തടയാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ് ചോദ്യം”, ജഗദീഷ് പറഞ്ഞു.