ഓണച്ചന്ത സെപ്തം 6 മുതൽ ഓണക്കിറ്റുണ്ട്;സർക്കാർ ആഘോഷമില്ലെന്ന് മാത്രം-മുഖ്യമന്ത്രി

ഓണച്ചന്ത സെപ്തം 6 മുതൽ ഓണക്കിറ്റുണ്ട്;സർക്കാർ ആഘോഷമില്ലെന്ന് മാത്രം-മുഖ്യമന്ത്രി

  • ഓണക്കാലം ജീവിതോപാധിയായി കാണുന്നവർക്ക് ആശങ്ക വേണ്ട….

തിരുവനന്തപുരം:വയനാട് ദുരന്തത്തിന്റെ ഭാഗമായി ഇത്തവണ ഓണം വാരാഘോഷമില്ല. അതേസമയം ഓണക്കിറ്റും ഓണച്ചന്തകളും മറ്റ് ആഘോഷങ്ങളുമുണ്ടാകുമെന്നും ഓണക്കാലം ജീവിതോപാധിയായി കാണുന്നവരാരും ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ ആറ് ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്ക് 13ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സപ്ലൈകോവഴി വിതരണം ചെയ്യും. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും ഓണച്ചന്തകളുണ്ടാകും. സെപ്തംബർ 6മുതൽ 14വരെ ജില്ലാ ആസ്ഥാനങ്ങളിലും 10മുതൽ 14വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണച്ചന്തകൾ നടത്തും. കർഷകരിൽ നിന്ന് സംഭരിച്ച ജൈവപച്ചക്കറികൾ ഇവിടെ ലഭ്യമാക്കും. കൂടാതെ 13ഇനം നിത്യോപയോഗസാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും വിതരണം ചെയ്യും. കൂടാതെ ബ്രാൻഡഡ് ഉൽപന്നങ്ങൾ സൗജന്യനിരക്കിൽ ഓഫറുകളോടെയും നൽകും.

സെപ്തംബർ 7മുതൽ 14വരെ കൺസ്യൂമർഫെഡ് 1500 ഓണച്ചന്തകൾ വേറെയും തുറക്കും. ഇതിൽ 73 എണ്ണം ത്രിവേണി സ്റ്റോറുകളായിരിക്കും. ബാക്കി സഹകരണ ബാങ്കുകളായിരിക്കും നടത്തുക. ഇവിടങ്ങളിൽ സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിൽ 13 ഇനം സാധനങ്ങൾ സബ്‌സിഡിയോടെ നൽകും. മറ്റ് സാധനങ്ങൾ സെപ്തംബർ 10 മുതൽ 40%വരെ വിലക്കുറവിൽ ത്രിവേണി സ്റ്റോറുകളിൽ കിട്ടും. സെപ്തം. 14 വരെ ഓണചന്തകൾ തുറക്കും. പച്ചക്കറികൾ വിപണി വിലയെക്കാൾ 10% കൂട്ടി കർഷകരിൽ നിന്ന് സംഭരിച്ച് വിപണി വിലയെക്കാൾ 30% വരെ താഴ്ത്തിയായിരിക്കും വിൽക്കുക.

ജൈവ പച്ചക്കറികൾമൊത്ത വ്യാപാര വിലയെക്കാൾ 20% കൂട്ടി സംഭരിച്ച് വിപണി വിലയെക്കാൾ 10%വരെ താഴ്ത്തിയും വിൽക്കുന്നതായിരിക്കും. ഖാദി ഉൽപന്നങ്ങൾ ഓണക്കാലത്ത് 30% വിലക്കുറവിൽ സെപ്തം. 14വരെ നൽകും.15000ത്തോളം ഖാദി തൊഴിലാളികളെ സഹായിക്കാൻ സർക്കാർ ബഡ്ജറ്റിൽ 15കോടി ഇതിന് മാറ്റിവെച്ചിട്ടുണ്ട്. ഓണക്കാലത്ത് സർക്കാർ ആഭുമുഖ്യത്തിലുള്ള ആഘോഷമൊഴികെ മറ്റെല്ലാ കാര്യങ്ങളും നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )