
ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു;ആശമാരുടെ ഒരു ആവശ്യത്തിനു കൂടി അംഗീകാരം
- ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പറഞ്ഞിരുന്നു
തിരുവനന്തപുരം:ആശാ വർക്കർമാർ സമരത്തിന്റെ 35-ാം ദിവസമായ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിച്ചതോടെ സമരക്കാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് ഉത്തരവിറക്കി സർക്കാർ.സർക്കാർ ഉത്തരവ് ഇറക്കിയത് ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിച്ചാണ് . ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പറഞ്ഞിരുന്നു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ സങ്കീർണമായതിനാൽ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി. സർക്കാർ തീരുമാനം സമരത്തിന്റെ വിജയമാണെന്ന് ആശമാർ അറിയിച്ചു.
CATEGORIES News