
ഓണറേറിയം വർദ്ധിപ്പിക്കണമെന്നുതന്നെയാണ് സർക്കാരിന്റെ നിലപാട്-വീണ ജോർജ്
- ആശമാർ പറഞ്ഞത് അനുഭാവപൂർവം കേട്ടെന്നും മന്ത്രി
തിരുവനന്തപുരം:ഇപ്പോൾ നടത്തുന്ന സമരത്തിൽ നിന്ന് പിൻവാങ്ങണമെന്നാണ് ചർച്ചയിൽ ആദ്യം തന്നെ ആശപ്രവർത്തകരോട് അഭ്യർത്ഥിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 15-ാം തീയതി നടത്തിയ ചർച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അവർ പറഞ്ഞതെല്ലാം അനുഭാവപൂർവ്വം കേട്ടു. ഒന്നര മണിക്കൂറോളം സമയമെടുത്താണ് സമരക്കാരുമായി ചർച്ച നടത്തിയതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

‘ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാൻ കഴിയുന്ന നടപടികളെല്ലാം സ്വീകരിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. ഓണറേറിയം നൽകുന്നതാണ് ഉന്നയിച്ച പ്രധാന വിഷയം. 7000 രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നൽകുന്നത്. സംസ്ഥാനവും കേന്ദ്രവും നൽകുന്ന ഫിക്സഡ് ഇൻസെന്റീവ് 3000 രൂപയാണ്. ഇതിൽ 1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നൽകുന്നത്.ഇതുകൂടാതെ ഓരോ സേവനങ്ങൾക്കും ഇൻസെന്റീവ് ഉണ്ട്. ആശമാർക്ക് നല്ല പ്രവർത്തന സാഹചര്യങ്ങൾ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആശമാർക്കുള്ല ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധപ്പെട്ട പട്ടിക കേന്ദ്രത്തിന് അയച്ചുകൊടുത്തു. ഇതുസംബന്ധിച്ച് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കേന്ദ്രവുമായി ചർച്ച നടത്തുന്നുണ്ട്. ചില തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
ആശമാർക്ക് പറയാനുള്ലത് കേട്ടു. 21,000 രൂപയായി ഓണറേറിയം വർദ്ധിപ്പിക്കണം, വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ നൽകണം എന്നീ രണ്ട് ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്. ഓണറേറിയം വർദ്ധിപ്പിക്കണമെന്നുതന്നെയാണ് സർക്കാരിന്റെ നിലപാട് എന്നും മന്ത്രി പറഞ്ഞു.