
ഓൺലൈൻ തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 12.40 ലക്ഷം, പ്രതി പിടിയിൽ
- ടെലിഗ്രാമിൽ ലിങ്ക് അയച്ചു നൽകി ലിങ്ക് വഴി കോയിൻ പർച്ചേസ് ചെയ്ത് കൂടുതൽ പണം ഉണ്ടാക്കാമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്
കൊടുവള്ളി: ഓൺലൈൻ വഴിയുള്ള തട്ടിപ്പ് വീണ്ടും. വീട്ടമ്മയെ കബളിപ്പിച്ച് 12.40 ലക്ഷം തട്ടിയ കേസിലെ പ്രതികളിലൊരാളെ കൊടുവള്ളി പോലീസ് പിടികൂടി. പുതുപ്പാടി അമ്പലക്കണ്ടി ഉവൈസ് സുൽത്താൻ (22) ആണ് പിടിയിലായത്. ടെലിഗ്രാം ആപ്പിലൂടെ ലിങ്ക് അയച്ചു നൽകി ലിങ്ക് വഴി കോയിൻ പർച്ചേസ് ചെയ്ത് കൂടുതൽ പണം ഉണ്ടാക്കാമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഓമശ്ശേരി പുത്തൂരിലെ വീട്ടമ്മയിൽ നിന്ന് പ്രതി പണം തട്ടിയത്
പരാതിക്കാരിയുടെ ഫോണിലെ ടെലഗ്രാം ആപ്പിലേക്ക് ലിങ്ക് അയച്ചു നൽകുകയും അതിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ലിങ്കിൽ പ്രവേശിച്ചതോടെ ടാസ്സ് കോയിൻ പർച്ചേഴ്‌സ് ചെയ്യുക എന്ന് നിർദേശം ലഭിക്കുകയും അതിനായി 6000 രൂപ അയച്ചു കൊടുക്കാനാവശ്യപ്പെടുകയും ചെയ്തു. പിന്നീട് അയച്ച തുക തിരികെ കിട്ടണമെങ്കിൽ അടുത്ത ടാസ്സ് ചെയ്യണമെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ ജനുവരി 30 മുതൽ ഫെബ്രുവരി എട്ടു വരെ വിവിധ അക്കൗണ്ടുകളിലേക്കായി 12.40 ലക്ഷം രൂപയോളം തട്ടിയെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. തുടർന്ന് പരാതിക്കാരി അക്കൗണ്ട് വഴി പണം അയച്ചുനൽകുകയായിരുന്നു.
പ്രതി ഉവൈസിന്റെ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ ബാലുശ്ശേരിയിലെ ഒരു സ്വകാര്യ ബാങ്കിൽ നിന്ന് ചെക്ക് നൽകി പിൻവലിച്ചിരുന്നു. കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് കൊടുവള്ളി പോലീസ് പറഞ്ഞു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.