
ഔദ്യോഗികവാഹനം വൈകി; സുരേഷ് ഗോപി ഓട്ടോ വിളിച്ചുപോയി
- ഒന്നരക്കിലോമീറ്റർ ഓട്ടോറിക്ഷയിൽ യാത്രചെയ്ത ശേഷം ഔദ്യോഗികവാഹനത്തിൽ യാത്ര തുടരുകയായിരുന്നു
ഹരിപ്പാട്: മണ്ണാറശാലയിൽ പുരസ്കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തിരികെ കൊണ്ടുപോകാനുള്ള ഔദ്യോഗികവാഹനം വൈകിയപ്പോൾ ക്ഷേത്രത്തിലെത്തിയ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് മന്ത്രി . ഒന്നരക്കിലോമീറ്റർ അകലെ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിനു സമീപത്തെ ഹനുമദ്ക്ഷേത്രംവരെ ഓട്ടോറിക്ഷയിൽ യാത്രചെയ്തു. അപ്പോഴേക്കും ഔദ്യോഗികവാഹനവും പോലീസ് സംഘവും സ്ഥലത്തെത്തി. തുടർന്ന്, ഔദ്യോഗികവാഹനത്തിൽ യാത്ര തുടരുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു പുരസ്കാരദാന സമ്മേളനം. ഉദ്ഘാടനത്തിനുശേഷം ക്ഷേത്രദർശനം നടത്തിയ അദ്ദേഹം മഹാദീപക്കാഴ്ചയിലും പങ്കാളിയായി. തുടർന്നാണ് മടക്കയാത്രയ്ക്കു തയ്യാറെടുത്തത്. അല്പനേരം കാത്തുനിന്നിട്ടും ഔദ്യോഗികവാഹനം എത്തിയില്ല. ഇതോടെയാണ് ക്ഷേത്രത്തിൽ യാത്രക്കാരെ ഇറക്കാനായി എത്തിയ ഓട്ടോയിൽ കയറിപ്പോയത്. മണ്ണാറശാല ക്ഷേത്രവളപ്പിൽ സേവാഭാരതി സേവനകേന്ദ്രം തയ്യാറാക്കിയിരുന്നു. ഇതിന്റെ ഉദ്ഘാടനം മന്ത്രിയെക്കൊണ്ടു നടത്തിക്കാൻ സംഘാടകർ ശ്രമിച്ചെങ്കിലും അതിനുതയ്യാറാകാതെ അദ്ദേഹം സ്ഥലംവിട്ടു.