
കടം തീർക്കാനാവാതെ സർക്കാർ; തൊഴിലാളികൾക്ക് നൽകാനുള്ളത് 35 കോടി രൂപ
- എട്ടുമാസമായി തൊഴിലാളികൾക്ക് കൂലി കുടിശ്ശിക നൽകിയിട്ടില്ല. 5500 തൊഴിലാളികൾക്ക് 2023 ജൂൺ 26ന് ശേഷമുള്ള കൂലിയാണ് ലഭിക്കാനുള്ളത്.
വടകര: സംസ്ഥാന സർക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിക്കു കീഴിൽ തുണി നെയ്ത തൊഴിലാളികൾക്ക് 35- കോടി രൂപയോളം കടം. എട്ടുമാസമായി ഇവർക്ക് കൂലി കുടിശ്ശിക നൽകിയിട്ടില്ല. 5500- തൊഴിലാളികൾക്ക് 2023 ജൂൺ 26-ന് ശേഷമുള്ള കൂലിയാണ് ലഭിക്കാനുള്ളത്. കൂലി ലഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ പണിത തുണികൾ എല്ലാം വിദ്യാഭ്യാസവകുപ്പ് കൊണ്ടുപോയിരുന്നു. കൈത്തറി മേഖലയ്ക്ക് പ്രചോദനം പകരുക എന്നതു കൂടി ലക്ഷ്യമിട്ടാണ് 2017-ൽ പദ്ധതി തുടങ്ങിയത്. രണ്ടാഴ്ചയിലൊരിക്കൽ കൂലി നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്.
തനത് പദ്ധതികളോ ഉത്പാദനമോ ഇല്ലാത്ത ഒട്ടനവധി നെയ്ത് സംഘങ്ങൾക്കും തൊഴിലാളികൾക്കും കൈത്തറി യൂണിഫോം മാത്രമാണ് ആശ്രയം. താരതമ്യേന ചെറിയ കൂലിയാണ് കിട്ടുന്നത്. പരമാവധി ഒരുദിവസം 600- രൂപ. ഇതുപോലും ലഭിക്കാതെ വന്നപ്പോൾ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായി ഇത്തര ത്തിൽ കഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കാൻ നെയ്ത് സംഘങ്ങൾക്കും സാധിക്കുന്നില്ല.
ഇതിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകൾ സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെ നടത്തിയിരുന്നു. ശേഷം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ജനുവരി 29-ന് 20 കോടി അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഒരു മാസമാകാറായിട്ടും പറഞ്ഞ തുക കൈത്തറി ഡയറക്ടറേറ്റിന് കിട്ടിയിട്ടില്ല.
അപ്പെക്സ് സംഘമായ ഹാൻ ടെക്സിന് ഉത്സവ വേളകളിലും മറ്റുമായി തുണി കൊടുത്ത വകയിൽ സംഘങ്ങൾക്ക് 30- കോടിയോളം കിട്ടാനുണ്ട്. ഇത് കാലങ്ങളായി കുടിശ്ശികയാണ്. വിഷു ആഘോഷ വേളയിൽ ഹാൻടെക്‌സിന് തുണി നൽകേണ്ടെന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തീരുമാനിച്ചിട്ടുണ്ടെന്ന് ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ബാബു പറഞ്ഞു.
CATEGORIES News