
കണ്ടില്ലേ, വാട്‌സ്ആപ്പ് ആ നീല വലയം എന്താണ് ?
- മെറ്റ എഐ സേവനം ലഭ്യമാകാനായി വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകൾ അപ്ഡേറ്റ് ചെയ്‌താൽ മതി
മെറ്റ എഐ ഇന്ത്യയിലുമെത്തി. പെട്ടന്ന് തന്നെ സേവനം ലഭ്യമാകാനായി വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകൾ അപ്ഡേറ്റ് ചെയ്‌താൽ മതിയാകും .അതേ സമയം ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് മെറ്റ എഐ .രണ്ടു മാസം മുന്‍പാണ് മെറ്റ എഐ പുറത്തിറങ്ങിയത്. ആദ്യ ഘട്ടത്തില്‍ ന്യൂസിലാന്റ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതിന്റെ സേവനം ഇപ്പോഴാണ് ഇന്ത്യയിൽ ലഭ്യമായത് .
” ഞാൻ നിങ്ങളുടെ അസിസ്റ്റൻ്റാണ്. ഏത് വിവരവും കണ്ടെത്താൻ ഞാൻ സഹായിയ്ക്കും.പക്ഷെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും ഞാൻ സൂക്ഷിക്കുകയോ കൈമാറുകയോ ചെയ്യുന്നതല്ല ” നിങ്ങൾ ആരാണ് എന്ന ചോദ്യത്തിന് മെറ്റ എഐ വിശദീകരിക്കുന്നു.
മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഉപയോക്താക്കൾക്ക് കഴിയുമെന്നതാണ് നേട്ടം. അതിസൂക്ഷ്മവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും ആശയങ്ങള്‍ ദൃശ്യവത്കരിക്കുന്നതിനും സജ്ജമായ രീതിയിലാണ് മെറ്റ ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം.വാട്ട്‌സാപ്പില്‍ മെറ്റ എഐ ഉപയോഗിക്കുന്നതിനായി ആപ്പ്‌ളിക്കേഷന്‍ തുറന്നതിന് ശേഷം ചാറ്റ്‌സ് ടാബില്‍ ‘മെറ്റ എഐ’ എന്ന് സെര്‍ച്ച് ചെയ്യുക. നിബന്ധനകളും സേവനങ്ങളും അംഗീകരിച്ചതിനു ശേഷം പ്രത്യക്ഷപ്പെടുന്ന ചോദ്യങ്ങളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുകയോ സ്വന്തമായി എന്തെങ്കിലും ടൈപ്പ് ചെയ്തുണ്ടാക്കുകയോ ചെയ്യാം. അതിനു ശേഷം സെന്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മെറ്റ എഐ പ്രതികരിക്കുന്നതാണ്.
നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ മെറ്റ എഐ ലഭ്യമാണെങ്കില്‍ നിലവിലുള്ള ഏതെങ്കിലും ഒരു ചാറ്റ് തുറന്നതിന് ശേഷം, താഴെ കാണുന്ന മെസേജ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ‘@’ എന്ന് ടൈപ്പ് ചെയ്തതിനു ശേഷം മെറ്റ എഐ തിരഞ്ഞെടുക്കുക. എന്തെങ്കിലും ചോദ്യങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ മെറ്റ എഐക്ക് നല്‍കാവുന്നതാണ്. മെസേസ്സജുകളുടെ മാതൃകയില്‍ ചോദ്യങ്ങളും ഉത്തരങ്ങളും ചാറ്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെടും. ഇതേ മാതൃകയില്‍ തന്നെ ഫേസ്ബുക്കിലും നിലവിലുള്ള ഏതെങ്കിലും ഒരു ചാറ്റ് തുറന്നതിന് ശേഷം മെറ്റ എഐ ഉപയോഗിക്കാവുന്നതാണ്.ചാറ്റ് ബാറില്‍ ‘@’ എന്ന് ടൈപ്പ് ചെയ്തതിനു ശേഷം മെറ്റ എഐ തിരഞ്ഞെടുത്താല്‍ മതിയാകും. ചാറ്റ് ചെയ്യുന്ന രീതിയില്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കാവുന്നതും ഉത്തരങ്ങള്‍ സ്വീകരിക്കാവുന്നതുമാണ്.ആപ്‌ളിക്കേഷനുകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ ഉപയോഗസമയത്തും, ചാറ്റ് ചെയ്യുന്നതിനിടയിലും ഉപഭോക്താക്കള്‍ക്ക് മെറ്റ എ ഐയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും, വ്യത്യസ്ത ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനും പല വിഷയങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിനും ഇത് സഹായിക്കുന്നു.
കൃത്യതയോടെ ഇ-മെയിലുകള്‍ നിര്‍മ്മിക്കുന്നത് മുതല്‍ പാചകക്കുറിപ്പുകള്‍ തയാറാക്കാന്‍ വരെ ഈ നിര്‍മിതബുദ്ധി ചാറ്റ്‌ബോട്ടിനു കഴിയും. കൂടാതെ സങ്കീര്‍ണമായ ഗണിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, നീണ്ട ഖണ്ഡികകളുടെ സംഗ്രഹം തയാറാക്കുന്നതിനും ഇതിനെ ഉപയോഗിക്കാവുന്നതാണ്.തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂൾ ഉപയോഗിക്കാൻ കഴിയും. മെറ്റ എഐയിലെ ടെക്സ്റ്റ് അധിഷ്‌ഠിത സേവനങ്ങൾ ലാമ 2 മോഡൽ അടിസ്ഥാനമാക്കിയാണ് ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്.
ചിത്രങ്ങൾ നിർമ്മിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്.
മെറ്റ എഐ വന്നതോടെ അനായാസം ഏത് വിവരവും കണ്ടെത്താൻ എളുപ്പമാണ്.ഇനി വാട്‌സ്ആപ്പിൽ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പിൽ നിർദേശം നൽകിയാൽ മാത്രം മതിയാകും.
ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റൻ്റുമായി സംസാരിക്കാൻ സാധിക്കും. അരികിൽ ഒരാളെന്ന പോലെയാണെന്ന് സാരം.
അതേ സമയം ഒരു പ്ലാൻ ചെയ്യുമ്പോൾ എഐ അസിസ്റ്റൻ്റിനോട് അഭിപ്രായവും ചോദിക്കാൻ സാധിക്കും . ഫേസ്ബുക്ക് ഫീഡിൽ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങൾ നിർമ്മിക്കാനും വാട്‌സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.