
കഥ
ജീപ്പുമോഹി
🖋️വിജീഷ് പരവരി
ഒരു പഴയ ജീപ്പിന് ഇത്രേം വിലയോ….
കുഴിപ്ലാക്കല്‍ ജോണിക്ക് വിശ്വസിക്കാനായില്ല. പോര്‍ച്ചില്‍ പട്ടിക്കാഷ്ടം മണത്തും തുരുമ്പിച്ചും ചവുട്ടിത്തുടപ്പുകള്‍ കഴുകി ഉണക്കാനിട്ടിരിരുന്ന പഴഞ്ചന്‍ ജീപ്പാണ് രണ്ടര രക്ഷം രൂപക്ക് ഒരുത്തന്‍ വന്ന് വിലപറഞ്ഞത്. പിന്നീട് ലോറിയുമായി വന്ന് കൊണ്ടുപൊയ്ക്കൊള്ളാം എന്നും പറഞ്ഞ് അയാളും അയാളുടെ കൂടെവന്ന കറുത്തുണങ്ങിയ തമിഴ് പയ്യനും ബൈക്കില്‍ കയറി തിരികെ പോയി.
ഞങ്ങളുടെ മലയോരഗ്രാമം കീഴ്മേല്‍ മറിഞ്ഞ ഒരു സംഭവത്തിന്‍റെ ആരംഭമായിരുന്നു അത്. ഈ പട്ടണത്തില്‍ സോറി, മലയോര ഗ്രാമത്തില്‍ എങ്ങുനോക്കിയാലും വല്ല്യവല്ല്യ കഥകളാണ്. പട്ടണം എന്ന് ചുമ്മാപറഞ്ഞതാ. പുറത്താരോടും പറഞ്ഞേക്കല്ല്. ഞങ്ങളുടെയൊക്കെ രേഖകളിലും രാഷ്ട്രീയ - പത്രഭാഷകളിലും ഇപ്പോഴും ഗ്രാമം എന്നുതന്നെയാണ്. നാല്‍പ്പത് കിലോമീറ്ററ് ദൂരെ കിടക്കണ കോഴിക്കോട്ടങ്ങാടീല്‍ കിട്ടുന്ന എന്നതാ ഇവിടെ കിട്ടാത്തത്.
ഞാന്‍ കുറച്ചുകാലം നാട്ടിലില്ലായിരുന്നു. ഒരു കോഴ്സ് പഠിക്കാന്‍ ചെന്നൈക്ക് പോയേക്കുവാരുന്നു. ഏകദേശം ഒരു കൊല്ലമാകുന്നേ ഒള്ള്. എടക്ക് ഒന്ന് വരാനൊത്തില്ല. അവിടത്തെ പുകിലുകള് പറയേണ്ടല്ലോ. ഞങ്ങള് മലയോര മേഖലക്കാര്‍ക്ക് ഇവിടം വിട്ടുപോവാനൊരു താല്‍പ്പര്യവുമില്ല. കാശൊള്ള വീട്ടിലെ തന്തമാര് പെങ്കൊച്ചുങ്ങളെ നഴ്സിംഗിനും ആമ്പിള്ളാരെ വല്ല ടെക്നിക്കലിനും പറഞ്ഞു വിട്ടേച്ച് ഡോളറോ ദിര്‍ഹമോ മേടിക്കാന്‍ കയറ്റിവിടും. അവറ്റകള്‍ പോകുമ്പം കാണിക്കുന്ന ഒരിദ്. ആല മാറ്റിക്കെട്ടാന്‍ കൊണ്ടോവുന്ന പശുക്കടെ കൂട്ടാ. എന്നതാ കാരണം. ജീസീസിലും യൂറോപ്പിലുമൊന്നും കൂടരഞ്ഞി പള്ളിപ്പെരുന്നാളോ ചുരത്തിലെ കുരിശുമുടിയാത്രയോ മലയാറ്റൂര്‍ പൊന്‍മലകയറ്റമോ ഇല്ലല്ല്. അതൊക്കെ അവിടെ നിക്കട്ടെ. നമ്മക്ക് കാര്യത്തിലേക്ക് വരാം.

ആദ്യം ജോണിയുടെ ആ പഴയ ജീപ്പ് അതുകഴിഞ്ഞ് തകിടിയേല്‍ അപ്പക്കുഞ്ഞിന്‍റെ ഇടത്തരം പഴക്കമുള്ള ഒരു ഡി.ഐ. മൂന്നാമത് കൊളക്കാടന്‍ മൂസഹാജി ആനക്കച്ചോടത്തില്‍ അഡ്വാന്‍സായി ഇല്ലിക്കല്‍ മത്തായിക്ക് കട്ടവെച്ച ആ നൂറ്റിനാല്‍പ്പത്. അതും കൂടിയങ്ങ് കഴിഞ്ഞേപ്പിന്നെ കവലേലും പള്ളീലുമൊക്കെ ചെറിയ ചില സംസാരങ്ങള്‍ ആരംഭിച്ചു. പഴയ കാലംതൊട്ടേ ഞങ്ങളു കുടിയേറ്റക്കാര് കച്ചവടം നടത്തുമ്പം ആരുടേം കുലോം ചരിത്രോമൊന്നും പരിശോധിക്കാറില്ല. ഇതിപ്പം പഴയ ജീപ്പുതന്നെ വേണം എന്ന കച്ചവടം കണ്ടപ്പോള്‍ ഒന്നറിഞ്ഞിരിക്കണമല്ലോ. അങ്ങിനെയാണ് ഔതു കുഞ്ചെറിയ എന്നു പേരായ നാട്ടിലെ ഏഷണി ലൗഡ് സ്പീക്കര്‍, ജീപ്പുമോഹിയുടെ പാളയത്തിലെത്തുന്നത്.
ഫാത്തിമ എസ്റ്റേറ്റ് തുടങ്ങുന്നിടത്തു നിന്നും ഒന്നാമത്തെ വളവുതിരിഞ്ഞ് നേരെ ചെല്ലുന്നത് പണ്ട് ഇംഗ്ലീഷുകാരായ മാനേജര്‍മാര്‍ തോട്ടം നോക്കിനടത്തി മടുത്ത് ഇട്ടേച്ചുപോയ ഒരു ഔട്ട്ഹൗസിലേക്കാണ്. തോട്ടം റോഡുമായി തൊടുന്ന ഒരു നീണ്ട പറമ്പില്‍ പാടികളുടെ കാഴ്ച, ദൂരേന്ന് പഴകിദ്രവിച്ച തീവണ്ടി നില്‍ക്കും പോലെ തോന്നിച്ചു. ടാറിട്ട റോട്ടില്‍ നിന്നും രണ്ടുതട്ട് പറമ്പ് കയറിയാലേ മുകളിലെത്തൂ. മുറ്റം വരെ ഓഫ്റോഡുണ്ട്. ഒ. കുഞ്ചെറിയ എത്തുമ്പോള്‍ മണി നാലര. ഔട്ട്ഹൗസ് മുറ്റം നിറയെ കാട്ടുപൂക്കള്‍. ഒരു കാറ്റിന് എല്ലാംകൂടി പറന്നങ്ങ് പൊങ്ങി. കണ്ണാടി ചുമരുകളില്‍ മഞ്ഞ പ്രകാശധാരാളിത്തം.
വിളിച്ചിട്ട് മറുപടിയില്ലാത്തത് അയാളെ ആദ്യമൊന്ന് കുഴക്കി. പിന്നെ വീടിനു ചുറ്റുമൊന്നു നടന്നുനോക്കി. പിറകുവശത്തെത്തിയപ്പോള്‍ കണ്ണുതള്ളിപ്പോയി. അയാള്‍ സാകൂതം കണ്ടത്. വീടിനെയോ മനുഷ്യനെയോ പറന്ന പൂക്കളെയോ അല്ല. നല്ല വൃത്തിയില്‍ അടുത്തടുത്തായി പാര്‍ക്കുന്ന ജീപ്പുകളെയാണ്. ശ്വാസമെടുത്ത് എള്ളിത്തീര്‍ന്നപ്പോള്‍ 22 എണ്ണം. ഒ. കുഞ്ചെറിയ വിക്ഷേപണത്തറയില്‍ തിരിച്ചെത്തി പ്രഖ്യാപിച്ചു. ഏതോ ഒരു പാവം പിടിച്ച ജീപ്പുമോഹി അത്രേ ഉള്ള്. കേട്ട ഉടനെ അപ്പക്കുഞ്ഞ് തിരുത്തി പാവമല്ല വല്ല്യ പണമുള്ള ജീപ്പ്മോഹി.
കുശിനിക്കാരന്‍ തമിഴന്‍ ചെക്കനെ ബ്രോക്കര്‍ സജി തഞ്ചത്തിലാണ് പിടികൂടിയത്. ഒരു ഞായറാഴ്ച പള്ളി പിരിഞ്ഞ ഒടനേയാണത്. ചെക്കന്‍ പോത്ത് വില്‍ക്കുന്ന റഷീദിന്‍റെ കടേല്‍ നല്ല മുഴുത്ത എല്ല് വേണമെന്നും പറഞ്ഞ് നില്‍പ്പുണ്ടായിരുന്നു. കച്ചോടം തീര്‍ന്നാലേ എല്ല് കിട്ടൂന്ന് റഷീദും. ഉടനെ വേണമെന്ന് ചെക്കനും. സജി ഇടപെട്ടതിനെ തുടര്‍ന്ന് എല്ല് കുട്ടിച്ചാക്കിലാക്കി നല്‍കുമ്പോള്‍ "സജ്യേ അനക്കെത്താ ഒരു പൊതുതാല്‍പ്പര്യം. കുണ്ടനാവോണ്ടാണോ..." എന്നൊരു വഷളര്‍ ചിരി പാസ്സാക്കി റഷീദ് ചോദിച്ചു. ആയത്തിലൊരു തല്ല് തല്ലുമെന്ന് ആഗ്യംകാണിച്ച് മറുപടി പറയാതെ സജി ചെക്കനൊപ്പം കുറച്ചുദൂരം നടന്നു.
തൊട്ടയല്‍ ദേശങ്ങളില്‍ നിന്നെല്ലാം ഇപ്പോഴും അയാള്‍ ജീപ്പുകള്‍ കൊണ്ടുവരുന്നുണ്ട്. മൊത്തം 52 എണ്ണമായി. പഴഞ്ചന്‍ മാത്രമേ എടുക്കൂ. മോഹവിലയും കൊടുക്കും. ഒന്നുരണ്ടെണ്ണം മാറ്റി നിര്‍ത്തി ബാക്കിയുള്ളവയൊന്നും ഓടിക്കാന്‍ കഴിയില്ല. വീട്ടുകാവലിന് 2 ഡോബര്‍മാനുകളെ കൊണ്ടുവന്നിട്ടുണ്ട്. അവര്‍ക്കാണ് പോത്തിന്‍റെ എല്ല്. അയാക്കടെ പേരറിയത്തില്ല. ചേട്ടന്‍ എന്നാണ് ചെക്കന്‍ വിളിക്കാറ്. വലിയ ഗണപതി ഭക്തനാണ്. പകല് മുഴുവന്‍ എവിടെയോ യാത്ര പോകും. ചില രാത്രികളിലും. കുടുംബമുണ്ടോന്ന് അറിയില്ല. ചെക്കന്‍ ഒപ്പം കൂടിയിട്ട് മൂന്ന് മാസമേ ആയുള്ളൂ. ഇത്രയും വിവരങ്ങളാണ് സജി ചൂണ്ടിയത്. ജീപ്പുമോഹിയായ ഗണപതിച്ചേട്ടനിൽ ഒരു വിദൂര ബിസിനസ്സ് സാധ്യത തെളിയുമ്പോലെ സജിക്ക് തോന്നി.
ചെന്നൈ - മഹാബലിപുരം ഹൈവേയില്‍ തിരുവാണ്‍മയൂരാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടാമത്തെ കെട്ടിടമുള്ളത്. ഞങ്ങള്‍ ഓട്ടോമൊബൈലുകാര്‍ക്ക് ചിത്രം മാത്രം വരച്ചാല്‍ ഒക്കത്തില്ലെന്ന് മാനേജ്മെന്‍റിനോട് ആഞ്ഞു പറഞ്ഞതുകൊണ്ടാണ്; അല്ലെങ്കില്‍ ചെന്നൈയിലെ അഴുക്കും പൊടിയും പിടിച്ച നഗര ജീവിതം കുടിച്ചു തീര്‍ത്ത് അസുഖക്കാരനായി മലയോരത്തു തിരിച്ചെത്തുമായിരുന്നു.
തിരുവാണ്‍മയൂരില്‍ വിശാലമായ മൈതാനമുണ്ട്. കേടായതും കണ്ടം ചെയ്തതുമായ തമിഴ്നാട് സര്‍ക്കാറിന്‍റെ വിവിധ ചക്രവാഹനങ്ങളുടെ യാര്‍ഡും ഗ്യാരേജുമുണ്ട്. മാറ്റം കിട്ടിയ അന്നുതന്നെ ഞാനും കുമരനും ശെന്തിലും മീരാനും കൂടി ഒരു ടാറ്റ 609 നന്നാക്കിയെടുക്കാനുള്ള ശ്രമമാരംഭിച്ചു. ഇന്‍സ്ട്രക്ടറും പാതി മാനേജരുമായ മുത്തുവേലിന് എന്നെ അത്രക്കങ്ങ് പിടിച്ചിരുന്നില്ല. ബഹളങ്ങളുണ്ടാക്കുന്നവന്‍, താന്തോന്നി എന്നൊക്കെ തരംകിട്ടിയാല്‍ കേട്ടുപോന്നു. നാട്ടില്‍ ഇതിലും വലിയ തെറികള്‍ കേള്‍ക്കുന്നു. പിന്നെ ഇതെന്ത് എന്ന് ഞാനങ്ങ് ചുമ്മാതാക്കി. തിരുവാണ്‍മയൂരിലെത്തിയതിന്‍റെ പിറ്റേന്ന് അയാളെന്നോട് ചോദിക്കുവാ താനെന്താ കമ്മ്യൂണിസ്റ്റാണോന്ന്. ഞാന്‍ ഞെട്ടിപ്പോയി. ജീവിതത്തില്‍ ഞാനിതേവരെ അങ്ങിനെ ആരെങ്കിലും വിളിക്കുന്നത് കേട്ടിട്ടില്ല. കുമരന്‍ പറഞ്ഞു, നീ സമരം ചെയ്യാന്ന് പറഞ്ഞില്ലേ അതാണ്. ഏതായാലും മലയോരത്തേക്ക് തിരികെ പോരുമ്പോള്‍ മുമ്പ് കാണുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആപ്പീസു ബോര്‍ഡുകളെ ഞാന്‍ തെല്ലൊരാരാധനയോടെ നോക്കി. ഇവരൊക്കെ എന്തുമാത്രം വഴക്കുകേട്ടിരിക്കും. പ്രാക്ടിക്കലിന്‍റെ സാറായ തങ്കരാജ് പാതിമലയാളിയായിരുന്നു. അദ്ദേഹത്തിന് ഞങ്ങളോട് വലിയ സ്നേഹമുണ്ടായിരുന്നു. വന്ന ദിവസം തൊട്ട് ഒരു വണ്ടി ഓടിക്കാന്‍ പാകത്തിന് നന്നാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹവും കണ്ടിരുന്നു. വാഹനങ്ങളുടെ ആത്മാവറിഞ്ഞ ആളാണ് തങ്കരാജ്മാഷ്. അദ്ദേഹം തന്നെ മൂന്ന് ദിവസം അടുപ്പിച്ചു മെനക്കെടേണ്ടി വന്നു. എന്നാലെന്താ 609 ഓടിക്കാമെന്നായി. അതിനിടയില്‍ ഒരു ദിവസം ഞങ്ങളുടെ കുടുസ്സു മുറിയില്‍ ഒരു മണല്‍പാമ്പ് കയറി താമസമാക്കി. കുമരനതിനെ കണ്ടതും തൊഴുതു. നാഗസാമിയെ ആരാധിച്ചു. നൂറും പാലും നല്‍കി. അയാളുടെ, ശാപമേറ്റ വംശപരമ്പരകളുടെ ഖേദം വര്‍ണ്ണിക്കുന്ന ഒടുക്കത്തെ ഒരു ഗ്രാമീണഗാനം മണിക്കൂറുകളോളം നിര്‍ത്താതെ പാടി. ഞാനും ശെന്തിലും മീരാനും രണ്ടര കിലോമീറ്റര്‍ നടന്ന് പാവ്ഭജി കഴിച്ചു. ശെന്തിലിന് കുമരനെ വിട്ടു പോരാന്‍ തോന്നിയിരുന്നില്ല. ഞാന്‍ പിടിച്ചുവലിച്ചു കൊണ്ടുപോയി. തിരികെയെത്തിയപ്പോള്‍ പാമ്പുമില്ല പ്രാര്‍ത്ഥനയുമില്ല. കുമരനതിനെ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി റൂമിന് വെളിയിലെ ഒരു മരച്ചുവട്ടില്‍ കൊണ്ടുവെച്ചിരുന്നു. ആ ചെറു പട്ടണത്തിലെ ഒരു വൃദ്ധനെ പിറ്റേന്ന് പാമ്പുകടിച്ചു. ഞാനൊന്ന് നോക്കി പെട്ടികാലി. ഞങ്ങള്‍ കുമരനെ കണക്കിനു വഴക്കുപറഞ്ഞു. മൂന്നാം ദിനം കോണിപ്പടിയിലിട്ട് മീരാന്‍ പാമ്പിനെ യമപുരിക്ക് പറഞ്ഞയച്ചു.
ഞങ്ങളുടെ മുറിയുടെ വെന്‍റിലേഷനിലൂടെ താഴേക്ക് എത്തിനോക്കിയാല്‍ മാര്‍വാടിയുടെ മധ്യവസ്കയായ ഭാര്യ തുണി തിരുമ്പുന്നത് കാണാം. ഊഴംവെച്ച് കാലങ്ങളോളം കാത്തുനിന്നിട്ടും അവരുടെ കുളി കാണാന്‍ ഞങ്ങള്‍ക്ക് പറ്റീട്ടില്ല. അവര്‍ക്ക് ആകെ ഒറ്റ കുളിപ്പുരയേ ഉള്ളൂ എന്നാണ് അറിവ്. അത്ഭുതപ്പെടുത്തുന്ന അത്തരം അറിവുകളെ കുറിച്ച് ഏറെ അന്വേഷിക്കാനൊന്നും ഞങ്ങള്‍ മെനക്കെട്ടില്ല. അങ്ങിനെ ഒരു ദിവസം ഒളിഞ്ഞുനോട്ടത്തിനിടെ കുമരനെ മാര്‍വാഡി കയ്യോടെ പിടികൂടി. എന്‍റെ മുന്നിലിട്ട് അയാള്‍ കുമരനേയും ശെന്തിലിനെയും മാറിമാറി അടിച്ചു, പളുങ്ങി, മുട്ടുകൈ കൊണ്ട് താങ്ങി. അവര്‍ ക്ഷീണിച്ച് ചുരുണ്ടുകൂടി ഇരിപ്പായി. എന്‍റെ മുഖത്ത് തറച്ചു നോക്കി. മാര്‍വാഡി ഹിന്ദിയില്‍ ഒറ്റ ഡയലോഗും വെട്ടിത്തിരിഞ്ഞൊരു പോക്കും. “മലബാറി ലോഗ് അച്ചാഹെ അപന്‍കോ മാലൂം ഹെ”. അത് അടിയേക്കാള്‍ വലിയ തെറിയാണെന്ന് വിശ്വസിപ്പിച്ച് ശെന്തിലിനും കുമരനും എന്‍റെ ഐക്യദാര്‍ഢ്യം അറിയിച്ചു.

എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ക്ലാസ്സും പ്രാക്ടീസും ചുറ്റിയടിയും ഒക്കെയായി ഒരുവിധം ഒപ്പിച്ചുപോകുന്നതിനിടെ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ഞങ്ങളുടെ ടാറ്റാ 609 ഒരു മുട്ടന്‍ പണി തന്നു. നടുറോട്ടിലിട്ട് യുടേണ്‍ എടുക്കുകയായിരുന്നു ശെന്തില്‍. ഞാനും കുമരനും മീരാനും കൂടെത്തന്നെയുണ്ടായിരുന്നു. വണ്ടിയുടെ ക്ലച്ച് വിട്ടുപോയി. ചിന്തിച്ച് എന്തെങ്കിലും ചെയ്യാനുള്ള ഇട കിട്ടും മുമ്പേ ഒരു കാര്‍ വന്ന് ഒറ്റയിടി. ആഘാതത്താല്‍ ഡോറും പൊളിച്ച് ശെന്തില്‍ പുറത്തേക് തെറിച്ചുവീണു. ഞങ്ങള്‍ മൂന്ന് പേരും ക്യാബിനില്‍ കുടുങ്ങി. കര്‍ത്താവിന്‍റെ കൃപകൊണ്ട് മൂക്ക് നെറ്റി എന്നീ പ്രദേശങ്ങള്‍ ചതഞ്ഞതൊഴിച്ചാല്‍ മറ്റപകടമൊന്നും പറ്റിയില്ല. വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതമേറ്റ ശെന്തില്‍ കിടപ്പുരോഗിയായി. ഇടിച്ച കാറിന്‍റെ ഡ്രൈവര്‍ക്കെതിരെ ഞങ്ങളുടെ സ്ഥാപനം കേസിനു പോയി. അപ്പോഴാണ് അത് ആണവറിയാക്ടറിലെ വണ്ടിയാണെന്നും അവരുടെ വണ്ടിക്ക് വട്ടംവെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച തീവ്രവാദികളാണ്, രാജ്യദ്രോഹികളാണ് ഞങ്ങളെന്നും പ്രചരിപ്പിക്കപ്പെട്ടത്. മൂവരും കസ്റ്റഡിയിലായി. അകന്ന ബന്ധു വഴി ഒരു വക്കീലിനെ കണ്ടുപിടിച്ച് ഒരുവിധം ജ്യാമത്തിലിറങ്ങി. മീരാനെ കോടതി വിട്ടില്ല. പാവം ഇപ്പോഴും ഉണ്ട തിന്നുന്നു. മലയാളിയായതിലും ക്രിസ്ത്യാനിയായതിനാലും ഞാന്‍ എങ്ങിനെയോ രക്ഷപ്പെട്ടു. ശെന്തിലിനും കുമരനും കേസിന്‍റെ നൂലാമാലകളുണ്ട്. കുറ്റം ചെയ്യാത്ത മീരാനെ മാത്രം എന്തിനാണവര്‍ വെച്ചോണ്ടിരിക്കുന്നത്. വണ്ടി ഓടിച്ചത് ശെന്തിലാണ്. കേസുണ്ടെങ്കില്‍ അത് ശെന്തിലിനെതിരെയല്ലെ വരേണ്ടത്. തുടങ്ങിയ എന്‍റെ രോഷപ്രകടനങ്ങളെ തടഞ്ഞ് വക്കീല്‍ ഒച്ചയെടുത്തു പറഞ്ഞു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. നിങ്ങള്‍ മൂന്നും പുറത്തായില്ലേ. അതുമതി ഞങ്ങള്‍ക്കും അതുമതി.
പക്ഷെ മീരാന്‍ ....
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെന്നപ്പോഴാണ് പഠിത്തം അവസാനിച്ച വിവരം അറിഞ്ഞത്. അവര് ടി.സി. എഴുതി കാത്തിരിക്കുകയാണ്. മീരാന്‍റെ കാര്യം കുമരനെ ഏല്‍പ്പിച്ച് നാടുപിടിച്ചു. ഇവിടെയെത്തിയപ്പോഴതാ മറ്റൊരു കഥ.
പാര്‍ട്ടി സെക്രട്ടറി ദാമോദരന് ചുമതല കിട്ടി. അന്യനാട്ടില്‍ നിന്നൊരു ആള്‍ വന്ന് പഴയ ജീപ്പുകള്‍ വാങ്ങുന്നു. എന്തോ പ്രശ്നം മണക്കുന്നുണ്ട്. ദാമോദരന്‍ പണ്ട് തോട്ടപ്പള്ളിക്കാരുടെ കുടുംബ പ്രശ്നങ്ങള്‍, വനം കയ്യേറ്റം, മോളിക്കുട്ടി നഴ്സിന്‍റെ നാടുവിടല്‍ എന്നീ വിഷയങ്ങള്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവന്ന സഖാവാണ്. ആദ്യം ഒ. കുഞ്ചറിയയാണ് വിവരം കൊടുത്തത്. അന്ന് രാത്രിക്ക് രാത്രി തന്നെ കുഞ്ചെറിയായേം കൂട്ടി ദാമോദരന്‍ ജീപ്പുമോഹിയുടെ അനുചരനെ കണ്ടു. ഏറെ സമ്മര്‍ദ്ധം ചെലുത്തിയ ശേഷമാണ് അനുചരന്‍ ഒന്നു മിണ്ടിക്കിട്ടിയത്. "ഇക്കണ്ട ജീപ്പൊക്കെ എന്തിനാണെന്ന് എനിക്കറിഞ്ഞുകൂടാ എന്നാലും തോന്നുന്ന ഒരു കാര്യം പറയാം ..."
ഒരു വലിയ രഹസ്യവുമായാണ് സഖാവ് അങ്ങാടിയില്‍ തിരികെ എത്തിയത്. അയാളാരോടും ഒന്നും പങ്കുവെച്ചില്ല. ദൂരെ നിര്‍ത്തിയ കുഞ്ചെറിയ ഒന്നും കേട്ടതുമില്ല.
അടുത്ത ദിവസം കാലത്ത് തന്നെ സഖാവ് ദാമോദരന്‍ എന്‍റെ വീട്ടിലെത്തി. അഥവാ ഞാന്‍ തിരിച്ചുവന്നതിന്‍റെ പിറ്റെ ദിവസം. തെങ്ങിന്‍ തോപ്പിലേക്ക് നടന്ന് ഒരു കൂരിച്ച തെങ്ങില്‍ ചാരി മൂപ്പര് ചോദിച്ചു:
“ജീപ്പിന്‍റെ ടാങ്ക് ഏത് ലോഹം കൊണ്ടാണ് ഉണ്ടാക്കിയത്…?”
അപ്രതീക്ഷിതമായ ചോദ്യത്തില്‍ ഓട്ടോമൊബൈല്‍ മെക്കാനിസം വരെ മറന്ന് ഞാന്‍ വിയര്‍ത്തുപോയി.
“ഇരുമ്പല്ലേ”
നിഷേധത്തില്‍ തലയാട്ടി സഖാവ് പറഞ്ഞു:
“നീ പഠിക്കണം നിനക്കറിഞ്ഞുകൂടെന്ന് എനിക്കും തോന്നിയതാണ്. പുറത്താരുമറിയരുത് പ്ലാറ്റിനം ലോഹം കൊണ്ടാണ് ടാങ്കുകളുടെ അടിവശം എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങിനെ വരുമ്പോള്‍ പത്തുകോടി രൂപയുടെ മുതലാണ് ആ കുന്നിന്‍റെ മോളില്‍ കിടക്കുന്നത് നിനക്ക് തിരിഞ്ഞിക്കിണോ…”
അങ്ങിനെ വരാന്‍ വഴിയില്ലെന്ന് ആവുംവട്ടം പറഞ്ഞുനോക്കി. രക്ഷയില്ല. ഓട്ടോമൊബൈല്‍ പഠിച്ചത് വിനയായി എന്നുതോന്നി. പുസ്തകങ്ങളായ പുസ്തകങ്ങള്‍, ഗൂഗിള്‍, ചെന്നൈയിലെ അധ്യാപകരോട് ഫോണില്‍ തുടങ്ങി ഞാന്‍ പ്ലാറ്റിനം തെരഞ്ഞു മടുത്തു. ഒരു സാധ്യതയുമില്ല. എന്ന വിവരം കിട്ടി ദിവസങ്ങള്‍ കടന്നുപോയി.
ഇതിനിടയിലും ജീപ്പുമോഹി ഒരു ദിവസം രണ്ടും മൂന്നും വെച്ച് ജീപ്പുകള്‍ ഒറ്റയ്ക്കും കൂട്ടായും കൊണ്ടുവരുന്ന വാര്‍ത്തകള്‍ കേട്ടുകൊണ്ടിരുന്നു. വന്നുവന്ന് ഒരു ജീപ്പിന് അമ്പത് ലക്ഷം വരെ വിലയായെന്നാ കേട്ടത്.
ഒരു ദിവസം സഖാവ് ദാമോദരന്‍ ഫോണില്‍ വിളിച്ചു. ദാമോദരേട്ടാ ഒട്ടും സാധ്യതയില്ല. ഇത് വേറെ എന്തോ തട്ടിപ്പാണ്. ജീപ്പിന്‍റെ മറവില്‍ മറ്റുവല്ല കള്ളക്കടത്തോ കഞ്ചാവോ; എന്‍റെ വിശദീകരണം പാതിമുറിച്ച് സഖാവ് കയറിപ്പറഞ്ഞു:
“നീ എന്‍റെ കൂടെ വരണം ഇന്ന് രണ്ടാലൊന്നറിഞ്ഞേ ബാക്കി കാര്യമുള്ളൂ.”
ഞങ്ങള്‍ ചെല്ലുമ്പോള്‍ രണ്ടും മൂന്നും കൂട്ടംകൂട്ടമായി ആളുകളുണ്ട്. നാട്ടിലെ വലിയ സമ്പന്ന കുടുംബങ്ങളിലെ ആണുങ്ങളാണ്.ദാമോദരേട്ടനെ എല്ലാവരും അഭിവാദ്യം ചെയ്യുന്നുണ്ട്. ആരുടേയും കണ്ണില്‍പ്പെടാതെ ഒരു ജീപ്പിന്‍റെ അടിയില്‍ നുഴഞ്ഞുകയറി ഡീസല്‍ ടാങ്കിന്‍റെ അടിഭാഗം, കൈയ്യിൽ കൊണ്ടുവന്ന കത്തികൊണ്ട് ചുരണ്ടാന്‍ തുടങ്ങി. ഞാനിങ്ങനെ ഒരു ശ്രമം നടത്തുമെന്നുള്ളത് സഖാവിനോട് പറഞ്ഞിരുന്നില്ല. എന്‍റെ പൊറുതികേട് അല്ലാതെന്താ. മറഞ്ഞും തിരിഞ്ഞും കുനിഞ്ഞുമൊക്കെ ജീപ്പുകളെ പരിശോധിച്ച ഏതോ തെണ്ടിപ്പരിഷ എന്നെ കണ്ടുപിടിച്ചുകളഞ്ഞു. പിന്നെ ബഹളമായി കയ്യാങ്കളിയായി. സഖാവ് എന്നെ ഒരുവിധം രക്ഷപ്പെടുത്തി. എന്‍റെ ഷര്‍ട്ടൊക്കെ കീറി. മലയിറങ്ങുമ്പോള്‍ ഒരു പാട് വഴക്കുപറഞ്ഞു. രഹസ്യം ചെയ്യുമ്പോള്‍ രഹസ്യമായിത്തന്നെ ചെയ്യണം. അല്ലാതെ പട്ടാപ്പകല് വന്നിട്ടല്ല എന്ന് ഉപദേശിച്ചു.
പിറ്റേന്ന് ചെന്നൈ കോടതിയില്‍ നിന്നും അറിയിപ്പുവന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി മദ്രാസ് മെയിലിന് വെച്ചുപിടിച്ചു. ആരേയും അറിയിച്ചില്ല. സഖാവിനെ വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ തോന്നിയില്ല. അന്ന് രാത്രി സഖാവിനെ ജീപ്പുമോഹിയുടെ വീടാക്രമിച്ച കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കൊണ്ടുപോയി.
രണ്ടാഴ്ച കഴിഞ്ഞാണ് തിരികെയെത്തിയത്. ബസ്സിറങ്ങിയതും ആകെയൊരു മൂകത. ചെറിയ ഒന്നുരണ്ടു മാടക്കടകള്‍ മാത്രമാണ് തുറന്നിരിപ്പുള്ളത്. ആകെയൊരു വശപ്പിശക്. വഴിതെറ്റി വന്ന ഏതെങ്കിലും ഹര്‍ത്താലോ മറ്റോ ആണോയെന്ന് ശങ്കിച്ചു. ഒന്നും അറിഞ്ഞിരുന്നില്ല. ആരും പറഞ്ഞുമില്ലല്ലോ. അല്ലെങ്കിലും റേഞ്ചില്ലാത്ത ഒരു കുന്നില് താമസിക്കുന്ന അപ്പനുമമ്മയും എന്നാ പറയാനാ എന്നോര്‍ത്തു, നീട്ടിവലിച്ചു നടന്നു. വഴിയില്‍ തെക്കേത്തല ഷാപ്പില്‍ ഒരാളനക്കം വെറുതേ ഒന്നു പാളി നോക്കി. കുഞ്ചെറിയാച്ചനെ കണ്ടു. അയാളെ ആരോ ആട്ടിപ്പായിക്കുകയാണ്. മുഴുത്തു ചീഞ്ഞ തെറികള്‍ വാരിവിതറുന്നുണ്ട്. പുറത്തേക്ക് വേച്ചുപോയ അയാളെ ഞാന്‍ താങ്ങി. വീട്ടില്‍ കൊണ്ടുചെന്നാക്കാം എന്ന സഹായത്തിന് ഞാനും കേട്ടു മുഴുത്തതൊന്ന്. എന്നെയൊന്ന് ശരിക്ക് നോക്കി. എടാ കൊച്ചനേ നീ വല്ലതുമറിഞ്ഞോ. പിന്നെ കഥയുടെ ഒരു വരവാണ്. എന്‍റെ തോളില്‍ തൂങ്ങി കുഞ്ചെറിയാ പറയാനാംഭിച്ചു.
സഖാവ് ദാമോരനെ പോലീസ് കൊണ്ടുപോയേപ്പിന്നെ ജീപ്പുമോഹിയെപ്പറ്റി കാങ്കറസുക്കാര്‍ക്കൊക്കെ നല്ല മതിപ്പായി. അവര് ഏറെക്കാലം ശ്രമിച്ചിട്ട് നടക്കാത്തത് പുഷ്പം പോലെ ജീപ്പുമോഹി നടത്തിക്കൊടുത്തല്ലോ. ജീപ്പ് വില 60 ലക്ഷം കടന്നപ്പോഴേക്ക് നൂറു ജീപ്പുകളോളം എത്തിച്ചേര്‍ന്നു. പറമ്പുനിറയെ എങ്ങുനോക്കിയാലും ജീപ്പ്. ആളുകള്‍ നിത്യസന്ദര്‍ശകരായി. ഇനിയും വിലകൂടും, അനുചരന്മാര്‍ നാലു പേരായി വര്‍ദ്ധിച്ചു. കുഞ്ചെറിയ നേര്‍ച്ചപോലെ എല്ലാദിവസവും പോയിരുന്നു. രണ്ടുദിവസമായി ജീപ്പുമോഹിയെ കാണാന്‍ പറ്റിയില്ല. അതിനിടെ തേക്കുംകാട്ടില്‍ ആന്‍റണി അനുചരന്‍മാരിലൊരാളെ ചാക്കിട്ട് ആരുമറിയാതെ അറുപത് ലക്ഷത്തിന് ഒരു ജീപ്പ് തിരികെ മേടിച്ചു. പുള്ളിക്ക് വിശാലമായ പറമ്പുള്ളതില്‍ താര്‍പ്പായയിട്ട് മൂടി. പത്തുലക്ഷത്തിന് വിറ്റ തന്‍റെ ജീപ്പ് അപ്പക്കുഞ്ഞും അറുപതിന് മേടിച്ചു. ആദ്യമൊക്കെ അതീവ രഹസ്യമായാണ് വില്‍പ്പനകള്‍ നടന്നത്. താര്‍പ്പായ മൂടിയ ലോറികള്‍ ഓരോന്നായി മലയിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പലരും മലമുകളിലേക്ക് വെച്ചുപിടിച്ചു. ജീപ്പുമോഹി തിരിച്ചെത്തിച്ചെത്തിയാല്‍ ജീപ്പിന് ഒരു കോടിയോളം വിലവരുമെനും ഇനി തിരികെ വില്‍ക്കുന്നില്ല എന്നുമുള്ള വാര്‍ത്ത കോഴിക്കറിയുടെ മണം പരക്കുന്ന വേഗതയില്‍ പരന്നു. പണവുമായി ഓടിയെത്തിക്കൊണ്ടിരുന്ന മലയോര കര്‍ഷകന്‍റെ കൈക്കരുത്തിന് മുമ്പില്‍ ജീപ്പുകള്‍ വില്‍ക്കുന്നില്ലെന്നുള്ള അനുചരന്മാരുടെ മൂഷ്ക്കുകള്‍ക്ക് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഗ്രാമത്തില്‍ ജീപ്പുമഴയായിരുന്നു. ആവിയായി മേല്‍പ്പോട്ടുപോയ എല്ലാ ജീപ്പുകളും മഴയായി ചെയ്ത് ഓരോരുത്തരുടേയും ഭവനത്തില്‍ തിരിച്ചെത്തി. വിറ്റുപെറുക്കി അറുപത് ലക്ഷം എടുക്കാന്‍ കഴിയുന്ന എല്ലാവരും ജീപ്പുകള്‍ തിരികെ മേടിച്ചു. ജീപ്പുകളില്ലാതിരുന്ന ചില സമ്പന്നരും ഒരു ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയില്‍ ഒരു നീക്കം നടത്തി നോക്കാതിരുന്നില്ല.
ജനങ്ങള്‍ക്കിടയില്‍ ആത്മ വിശ്വാസത്തിന്‍റെയും ആഹ്ളാദത്തിന്‍റെയും വെള്ളിവെളിച്ചം സദാസമയം മുഖത്ത് തത്തിനിന്നു. മലയോരത്ത് ഓരോമനുഷ്യരും മറ്റുള്ളവരെ കണ്ടും അനുകരിച്ചും ശീലിച്ചത് ഇക്കാര്യത്തിലും മുടങ്ങിയില്ല. ബാര്‍ബര്‍ഷോപ്പ്, ചായക്കട, കള്ളുഷാപ്പ് മുതല്‍ പള്ളിമേടയില്‍ വരെ ജീപ്പ് എന്ന രണ്ടക്ഷര വാഹനം കുതിച്ചുപാഞ്ഞു. പല വീടുകളിലും ജീപ്പ് കരസ്ഥമാക്കാത്തതിന് കുടുംബിനികള്‍ ഗൃഹനാഥന്‍മാരെ പഴിപറഞ്ഞു. പാട്ട ജീപ്പുള്ളവരെല്ലാം സമൂഹത്തില്‍ വിലയുള്ളവരായി. ബെന്‍സുകാറുള്ളവര്‍ പോലും അത് മൂലക്കിട്ടു. കോ-ഓപ്പറേറ്റീവ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെല്ലാം ഉദാരമായി ലോണുകള്‍ നല്‍കി. ഗ്രാമത്തിന് പുറത്തുനിന്നും ആളുകള്‍ ഇവിടെയെന്താണ് സംഭവിക്കുന്നത് എന്ന് കാണാനെത്തി. അനുചരന്മാരുടെ എല്ലാ തടസ്സങ്ങളേയും നേരിട്ട് നൂറു ജീപ്പുകളും പപ്പടം പോലെ വിറ്റുപോയി. രണ്ടുദിവസങ്ങള്‍ക്കകം ജീപ്പുമോഹി തിരിച്ചെത്തി. അയാള്‍ വരുന്നതും നോക്കി സി.സി.ടി.വി. ക്യാമറ പോലെ നിന്ന കുഞ്ചെറിയയും ഒന്നുരണ്ടുപേരും മലമുകളിലേക്ക് വെച്ചടിച്ചു. പൂരം കഴിഞ്ഞ പറമ്പുപോലെ ശൂന്യമായ ഷെഡുകള്‍ കണ്ട് അയാള്‍ പൊട്ടിക്കരഞ്ഞു പോലും. പിന്നീട് അനുചരന്മാരെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു. തലയില്‍ കൈവെച്ച് പ്രാകി. അപ്പോഴേക്കും മലയിലേക്ക് പുരുഷാരം പ്രവഹിച്ചു. ജീപ്പുമോഹി എല്ലാവരേയും അഭിസംബോധന ചെയ്തു പറഞ്ഞു:
“ഒരു ജീപ്പിന് ഒരു കോടി രൂപ തരാമെന്നുറപ്പിച്ച് ചെന്നെയിലെ ഒരു കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിട്ടാണ് ഞാന്‍ വന്നത്. ഇത് ഒടുക്കത്തെ ചതിയായിപ്പോയി. നാളെ രാവിലെ അവര് പണവുമായി വരും ഞാനെന്ത് കൊടുക്കാനാണ്. നിങ്ങ തന്നെ പറ ….”
“താനെന്നാ പേടിക്കുന്നേ ജീപ്പുമോഹീ …. രാവിലേക്ക് ഞങ്ങളെല്ലാ ജീപ്പും കൊണ്ടുവരത്തില്ല്യോ …..”
മത്തായിയും അപ്പക്കുഞ്ഞും ഒന്നിച്ചാണത് പറഞ്ഞത്.
“താനീ കഷ്ടപ്പെട്ടതിനൊക്കെ ഒരഞ്ചുലക്ഷം വെച്ച് താനെടുത്തോ ഞങ്ങക്ക് തൊണ്ണൂറ്റഞ്ച് തന്നാ മതി”
ഒറ്റശ്വാസത്തില്‍ എല്ലാവരുമത് ഏറ്റുപറഞ്ഞു. പടികടന്ന് വരാനുള്ള ഐശ്വര്യ ദേവതയെ ഓര്‍ത്ത് മലയിറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ എടുത്താൽ പൊന്താത്ത സ്വപ്നങ്ങളുമായി നാട്ടുകാർ ജീപ്പുകളുമായി കുന്നുകയറിച്ചെന്നപ്പോള്‍ ആടുകിടന്നിടത്ത് പൂടപോലും കണ്ടില്ല. ഒന്നിച്ചൊരു ഉരുള്‍പൊട്ടലുണ്ടായ പോലെ മലയോര നിവാസികള്‍ പൊട്ടിത്തകര്‍ന്നുപോയി. ചിലര്‍ ആ വീടിന്‍റെ പൂട്ടുകള്‍ അടിച്ചു പൊട്ടിച്ചു. ചിലരൊക്കെ ഗുളിക വിഴുങ്ങും പോലെ ഒന്നു വീതം മൂന്നുനേരം മലകയറി നോക്കും. അനുചരന്മാരോ ജീപ്പുമോഹിയോ വന്നില്ല. ഐശ്വര്യദേവത തീരെ വന്നില്ല.
ആരാണ് ജീപ്പുമോഹി….
നാട്ടുകാര്‍ പരസ്പരം ചോദിച്ചു. അയാളുടെ നാട് വിലാസം യഥാര്‍ത്ഥ പേരുപോലും ആര്‍ക്കുമറിയില്ല.
അനുചരന്മാര്‍ ആരാണ്......
പരസ്പരം കൈമലര്‍ത്തി കൈമലര്‍ത്തി നാട്ടുകാര്‍ ക്ഷീണിച്ചു. രോക്ഷാകുലരായ ചെറുപ്പക്കാര്‍ ഔട്ട് ഹൗസ് അടിച്ചുപൊളിച്ചു. ഇനി ഒരുത്തനും വന്ന് താമസിക്കണ്ട എന്ന് അവരങ്ങ് തീരുമാനിച്ചു. പോലീസ് അരിച്ചുപെറുക്കി. തുമ്പിനായി ഫോണ്‍ നമ്പര്‍ പോലും ആരും വാങ്ങിയില്ല എന്നത് സംഗതിയുടെ ഗൗരവമിരട്ടിപ്പിച്ചു. പണം കൊടുക്കുന്നത് ഒന്നുരണ്ടുവട്ടം തടയാന്‍ ശ്രമിച്ച സഖാവ് ദാമോദരനെ കായികമായി ആക്രമിച്ചവര്‍, അയാള്‍ക്കെതിരെ കള്ളകേസ്സ് ചമച്ചവര്‍ എല്ലാരുമിന്ന് സ്വയം പഴിക്കുകയാണ്.
എനിക്കും കുഞ്ചെറിയാച്ചനും വഴിപിരിയേണ്ട ഇടമായി
“കൈയ്യിലൊന്നുമില്ലാത്തോണ്ട് എനിക്കൊന്നും പോയില്ല. ഏതായാലും ആ കയ്യാങ്കളില് നിനക്കെതിരെ ആരും ഒന്നും പറഞ്ഞു കേട്ടില്ല. നീ ഭാഗ്യവാനാ …”
ഞാന്‍ ചിരിച്ചു. അത് എന്‍റെ കാര്യമോര്‍ത്തല്ല. ഈ ചെന്നൈ പോക്കില്‍ മീരാന്‍റെ കേസ്സൊഴിവാക്കി കോടതി വെറുതേ വിട്ടത് ഓര്‍മ്മ വന്നിട്ടാണ്. അതെ ഭാഗ്യവാന്മാരാണ് കുറച്ചുപേര്‍...