
കനത്ത മൂടൽ മഞ്ഞ്; 200 വിമാനങ്ങൾ വൈകി,10 എണ്ണം റദ്ദാക്കി
- ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂർ ദൃശ്യപരത പൂജ്യമായി തുടർന്നു
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് 10 വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥ കാരണം 200ഓളം വിമാനങ്ങളാണ് വൈകിയത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ24 പ്രകാരം വിമാനത്താവളത്തിൽ എത്തേണ്ട 59 വിമാനങ്ങൾ വൈകിയതായും 4 എണ്ണം റദ്ദാക്കിയതായും പറയുന്നു.

ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന 138 വിമാനങ്ങൾ വൈകിയപ്പോൾ 6 എണ്ണം റദ്ദാക്കി. ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂർ ദൃശ്യപരത പൂജ്യമായി തുടർന്നു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും മൂടൽ മഞ്ഞ് അതിശക്തമായി തുടരുകയാണ്. എയിംസ്, ദ്വാരക, ന്യൂഡൽഹി സ്റ്റേഷൻ ഭാഗങ്ങളിൽ കടുത്ത മൂടൽ മഞ്ഞാണുണ്ടായത്. മോശം കാലാവസ്ഥ ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. 51 ട്രെയിനുകളാണ് വൈകിയോടുന്നത്. ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.