
കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍
- എസ്. ജയ്ശങ്കർ ഇറാൻ അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് തീരുമാനം
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൈകാതെ അനുമതി നൽകും. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇറാൻ അധികൃതരുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കപ്പലിലുള്ളവരെ കാണാൻ അവസരമൊരുക്കുമെന്ന് ഇറാൻ അറിയിച്ചത്.
ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികളും 17 ഇന്ത്യക്കാരുമുൾപ്പടെ ആകെ 25 ജീവനക്കാരുണ്ട്.
ഞായറാഴ്ച വൈകീട്ട് അമീർ- അബ്ദുള്ളാഹിയാനുമായി ചർച്ച നടത്തി എന്നും കപ്പലിലെ 17 പേരുടെ മോചനം സംബന്ധിച്ചും നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചർച്ച നടത്തിയതായും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ദുബായിൽ നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) പിടിച്ചെടുത്തത്.