
കാൻ പിയർ ആഞ്ചിനോ ട്രിബൂട്ട് പുരസ്‌കാരം നേടി സന്തോഷ് ശിവൻ
- പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ
പാരീസ്: കാൻ ഫിലിം ഫെസ്റ്റിവലിലെ പിയർ ആഞ്ചിനോ ട്രിബൂട്ട് പുരസ്‌കാരം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. അതിശയകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചുകൊണ്ടാണ് അവാർഡിന് തിരഞ്ഞെടുത്തതെന്ന് പുരസ്കാര സമിതി അറിയിച്ചു.

അന്താരാഷ്ട്രതലത്തിലെ മുൻനിര ഛായാഗ്രാഹകർക്ക് നൽകിവരുന്ന പുരസ്കാരമാണ്. ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി കൂടി സന്തോഷ് ശിവന് സ്വന്തം. ഇന്ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. സന്തോഷ് ശിവന് യുവതലമുറയുമായി പ്രവർത്തനാനുഭവം പങ്കുവെക്കാനുള്ള അവസരവും സംഘാടകർ ഒരുക്കും. ഫിലിപ്പ് റൂസ്ലോ, വിൽമോസ് സിന്മോണ്ട്, റോജർ ഡീക്കിൻസ്, പീറ്റർ സുഷിറ്റ്സ്കി, ക്രിസ്റ്റഫർ ഡോയൽ എന്നീ പ്രമുഖ ഛായാഗ്രാഹകർക്കാണ് നേരത്തെ അംഗീകാരം ലഭിച്ചിട്ടുള്ളത്.

റോജ, യോദ്ധ, ദിൽസേ, ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ അത്ഭുതപ്പെടുത്തുന്ന ഫ്രെയിമുകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച സന്തോഷ് ശിവൻ അനന്ദഭദ്രം, അശോക, ഉറുമി മുതലായ ചിത്രങ്ങളിളുടെ സംവിധായകൻ കൂടിയാണ്. അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാ ഫോട്ടോഗ്രാഫേഴ്സിൽ ഏഷ്യ- പെസഫികിൽ നിന്ന് അംഗമായ ഏക വ്യക്തി കൂടിയാണ് ഇദ്ദേഹം. 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സന്തോഷ് ശിവൻ നേടിയിട്ടുണ്ട്.