കീഴൂർ ആറാട്ടും പൂവെടിയും ഇന്ന്

കീഴൂർ ആറാട്ടും പൂവെടിയും ഇന്ന്

  • വൈകിട്ട് 6.30ന് കൊങ്ങന്നൂർ ഭഗവതിയുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിയാൽ യാത്രാവലിക്ക് ശേഷം ആറാട്ട് എഴുന്നള്ളത്ത് തുടങ്ങും

പയ്യോളി: കീഴൂർ ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ആറാട്ടും പൂവെടിയും ഇന്ന് . വൈകുന്നേരം 3.30ന് പഞ്ചവാദ്യമേളം, നാഗസ്വരമേളം തുടർന്ന് കുടവരവ്, തിരുവായുധം വരവ്, ഉപ്പും തണ്ടും വരവ്, കരക്കെട്ടുവരവ്, നാടും ജന്മക്കാരും വരവ് എന്നിവ നടക്കും.

വൈകിട്ട് 6.30ന് കൊങ്ങന്നൂർ ഭഗവതിയുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിയാൽ യാത്രാവലിക്ക് ശേഷം ആറാട്ട് എഴുന്നള്ളത്ത് തുടങ്ങും. ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞികുളങ്ങര എത്തിച്ചേർന്നാൽ പിലാത്തറമേളം നടക്കും.കീഴൂർ ചൊവ്വ വയലിൽ മേളത്തിന് മുമ്പും ശേഷവും കരിമരുന്ന് പ്രയോഗം നടക്കും.കൂടാതെ ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത് രണ്ട് കിലോമീറ്റർ അകലെയുള്ള കീഴൂർ പൂവെടിത്തറയിൽ 11 മണിക്ക് എത്തിച്ചേർന്നാൽ പാണ്ടിമേളം, കേളിക്കൈ, കൊമ്പ്പറ്റ്, കുഴൽപ്പറ്റ് എന്നിവ അരങ്ങേറും.

കൂറ്റൻ പൂവെടിത്തറയ്ക്ക് മുകളിലായിരിക്കും ഭഗവാൻ്റെ തിടമ്പ് ഉണ്ടാവുക.പൂവെടി എന്നാൽ തിങ്ങിനിറഞ്ഞ ആളുകൾക്കിടയിൽ ഉയർത്തുന്ന കൂറ്റൻ കവുങ്ങിൽനിന്ന് വർണം വിതറുന്ന ആകാശ വിസ്‌മയമാണ് . നാളെ പുലർച്ചെ രണ്ട് മണിക്ക് എഴുന്നള്ളത്ത് ഒന്നരക്കിലോമീറ്റർ അകലെയുള്ള കണ്ണംകുളത്ത് എത്തും. അവിടെ പൂർണവാദ്യത്തോടെ കുളിച്ചാറാടിക്കൽ. ശേഷം ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ച് എഴുന്നള്ളും.ക്ഷേത്ര ഉത്സവച്ചടങ്ങുകൾ ഇതോടെ സമാപിക്കും .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )