
കുടുംബശ്രീയുടെ ശീതകാല പച്ചക്കറി കൃഷി ഒരുങ്ങുന്നു
- ‘ഹരിതസമൃദ്ധി’ ശീതകാല പച്ചക്കറികൃഷി കാമ്പയിനിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കൃഷിയുണ്ട്
തിരുവനന്തപുരം : ശീതകാല പച്ചക്കറികൃഷിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം കർഷകരുടെ വരുമാന വർധനവും പോഷകാഹാര ലഭ്യതയും ലക്ഷ്യമിട്ട് 6,073 വാർഡുകളിൽ കുടുംബശ്രീയുടെ ശീതകാല പച്ചക്കറികൃഷിയ്ക്ക് തുടക്കം . ‘ഹരിതസമൃദ്ധി’ ശീതകാല പച്ചക്കറികൃഷി കാമ്പയിനിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കൃഷിയിറക്കി .1981.04 ഹെക്ടറിലാണ് കുടുംബശ്രീ കൃഷിയിറക്കിയത്.
ക്യാരറ്റ്, മുള്ളങ്കി, കോളി ഫ്ളവർ, കാബേജ് തുടങ്ങിയ ശീതകാല വിളകൾക്കൊപ്പം വിവിധ വെള്ളരിവർഗങ്ങൾ, പയർ, വെണ്ട, തക്കാളി, വഴുതന, ചീര, മുളക്, തണ്ണിമത്തൻ എന്നിവയും കൃഷി ചെയ്യുന്നു.

കൃഷിഭവനുകൾ മുഖേനയാണ് പച്ചക്കറി തൈകൾ ലഭ്യമാക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച കാമ്പയിൻ ജനുവരി വരെയുണ്ടാകും.നിലവിൽ 14,977 വനിതാ കർഷകസംഘങ്ങളിലായി 68,474 പേർ ശീതകാല പച്ചക്കറി കൃഷിയിൽ സജീവമാണ്.നടീൽ മുതൽ വിളവെടുപ്പുവരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ എല്ലാ പരിശീലനങ്ങളും കർഷകർക്ക് ലഭ്യമാക്കുന്നു. ഇതുവരെ 152 ബ്ലോക്കുകളിലായി 5,631 പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ലഭിക്കുന്നുണ്ട്. വിപണി ലഭ്യത ഉറപ്പുവരുത്തുന്നതിനായി കാർഷികോൽപന്നങ്ങൾ കുടുംബശ്രീയുടെ തന്നെ നാട്ടുചന്ത, അഗ്രി കിയോസ്കുകൾ, വിവിധ മേളകൾ എന്നിവയിലൂടെയാകും വിറ്റഴിക്കുക.
