
കുട്ടികൾ നേരിടുന്ന അതിക്രമം തടയാൻ സമഗ്ര കർമ്മ പദ്ധതിയ്ക്കായി വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു
- കുട്ടികൾക്കെതിരായ അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും കുട്ടിക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം : കുട്ടികൾ നേരിടുന്ന അതിക്രമം തടയാൻ ഒരു സമഗ്ര കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്കെതിരായ അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും കുട്ടിക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ചാരുംമൂടിൽ പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുഞ്ഞിനെ കണ്ടതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുട്ടി കുറെ കാര്യങ്ങൾ പറഞ്ഞെന്നും ഒരുപാട് പ്രയാസങ്ങൾ കുട്ടി വിവരിച്ചെന്നും ശിവൻകുട്ടി പറഞ്ഞു. ‘വല്ലാത്ത വിഷമം തോന്നുന്ന ഒരുപാട്കാര്യങ്ങൾ പറഞ്ഞു. പോകാൻ കുട്ടി അനുവദിച്ചില്ല. കുട്ടി എൻ്റെ കയ്യിൽ കയറി പിടിച്ചു.
ഐഎഎസ്കാരി ആകാനാണ് ആഗ്രഹമെന്ന് കുട്ടി പറഞ്ഞു. പല സംഭവങ്ങളും പുറംലോകം അറിയുന്നില്ല. സർക്കാർ ശക്തമായ ഇടപെടൽ നടത്തും’, അദ്ദേഹം പറഞ്ഞു.