
കുവൈത്ത് തീപിടിത്തം: മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു
- അന്ത്യാഞ്ജലിയർപ്പിച്ച് കേരളം
- നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ബന്ധുക്കളും മൃതദേഹങ്ങൾ ഏററുവാങ്ങി
കുവൈത്ത് : തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പ്രത്യേക വ്യോമസേനാ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ,കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗും മൃതദേഹങ്ങളെ അനുഗമിച്ച് വിമാനത്തിലുണ്ടായിരുന്നു. കണ്ണീരണിയിക്കുന്നതായിരുന്നു വിമാനത്താവളത്തിലെ സാഹചര്യം. നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മരിച്ച മലയാളികളുടെ എണ്ണം 23 ആയി. 50 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാത്ത്. 7മലയാളികളുടെ നില ഗുരുതരമാണ്.16പേരെ തിരിച്ചറിഞ്ഞു.കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോട് സ്വദേശികളാണ് മരിച്ചത്. ഷമീർ, ലൂക്കോസ് സാബു, സാജൻ ജോർജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികൾ. മുരളീധരൻ, ആകാശ് ശശിധരൻ, സജു വർഗീസ്, തോമസ്.സി.ഉമ്മൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു, മലപ്പുറം തിരൂർ സ്വദേശി നൂഹ്, ശ്രീഹരി പ്രദീപ്, കേളു പൊന്മലേരി, കാസർകോട് ചെർക്കള കുണ്ടടക്കം സ്വദേശി രഞ്ജിത് എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
കേന്ദ്ര -സംസ്ഥാന സർക്കാറുകൾ അപകടത്തിനു് ഇരയായവർക്ക് സഹായം പ്രഖ്യാപിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 5ലക്ഷം രൂപയും അപകടം പറ്റിയവർക്ക് 1ലക്ഷം രൂപയും സഹായധനം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പ്രവാസി വ്യവസായികളായ എം.എ.യൂസഫലി 5 ലക്ഷവും രവി പിള്ള 2 ലക്ഷം വീതവും മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകും.