
കൂടുതൽ മിനുങ്ങി മണിച്ചിത്രത്താഴ് ആഗസ്റ്റ് 17നെത്തും
- മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റിലിസായാണ് മണിച്ചിത്രത്താഴ് എത്തുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററിലേക്ക് . ആഗസ്റ്റ് 17 ന് 4കെ ദൃശ്യമികവിലാണ് ചിത്രമെത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെൻ്റ്സും ചേർന്നാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്. മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റിലിസായാണ് മണിച്ചിത്രത്താഴ് എത്തുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 1993 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്നസെൻ്റ്, തിലകൻ, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു എന്നിങ്ങനെ വൻ താരനിരയാണ് ഉണ്ടായിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.