
കെഎസ്ആർടിസിക്കും സ്വന്തമായി ക്രിക്കറ്റ് ടീം വരുന്നു-മന്ത്രി കെ. ബി ഗണേഷ് കുമാർ
- കേരള ടീമിനെയും ഇന്ത്യൻ ടീമിനെയും സെലക്ട് ചെയ്യുന്ന മാതൃകയിൽ തികച്ചും പ്രഫഷണലായാണ് ടീമിനെ തെരഞ്ഞെടുത്തതെന്ന് ഗണേഷ് കുമാർ പറഞ്ഞു
തിരുവനന്തപുരം: കെ എസ് ആർ ടിസിക്കും സ്വന്തമായി ക്രിക്കറ്റ് ടീം വരുന്നു. ടീം സെലക്ഷൻ പൂർത്തിയായി കഴിഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. കേരള ടീമിനെയും ഇന്ത്യൻ ടീമിനെയും സെലക്ട് ചെയ്യുന്ന മാതൃകയിൽ തികച്ചും പ്രഫഷണലായാണ് ടീമിനെ തെരഞ്ഞെടുത്തതെന്ന് ഗണേഷ് കുമാർ പറഞ്ഞു. വിദഗ്ദരുടെയും മുൻ താരങ്ങളുടെയും നേതൃത്വത്തിലായിരുന്നു ടീം സെലക്ഷനെന്നും കേരളത്തിലെ ഏറ്റവും മികച്ച പ്രഫഷണൽ ടീമുകളിലൊന്നാക്കി കെ എസ് ആർ ടി സി ടീമിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ആരുടെ ശുപാർശയും ഒന്നുമില്ല, കളി മികവിന്റെ അടിസ്ഥാനത്തിൽ മാത്രം തെരഞ്ഞെടുത്ത ടീമാണിത് എന്നും, വരും നാളുകളിൽ കേരള ടീമിന്റെ കളി കാണാമെന്നും ദേശീയ തലത്തിൽ വരെ കളിക്കാൻ നിലവാരമുള്ള ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കെ എസ് ആർ ടി സിക്ക് മുമ്പ് വോളിബോൾ, ഫുട്ബോൾ ടീമുകളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത് എന്നും, ഫുട്ബോളിൽ 1980കളിൽ സംസ്ഥാനതലത്തിൽവരെ മത്സരിക്കാൻ പോന്ന ടീം കെ എസ് ആർ ടി സിക്ക് ഉണ്ടായിരുന്നുവെന്നും. പക്ഷെ പിന്നീട് ടീം പിരിച്ചുവിട്ടു എന്നും മന്ത്രി പറഞ്ഞു.
