
കെഎസ്ആർടിസിയിൽ ജനുവരി മുതൽ ഒന്നാം തീയതി ശമ്പളം ലഭിക്കും
- ശമ്പളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപവരെ കേരള ബാങ്ക് കെഎസ്ആർടിസിക്ക് വായ്പ നൽകും
കൊല്ലം: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകും.2025 ജനുവരി ഒന്നുമുതൽ മറ്റു സർക്കാർ ജീവനക്കാരെപ്പോലെ ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ. ബാങ്ക് കൺസോർഷ്യത്തിൽനിന്ന് കേരള ട്രാൻസ്പോർട്ട് ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനെ (കെടിഡിഎഫ്സി) ഒഴിവാക്കി പകരം കേരള ബാങ്കിനെ ഉൾപ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്.

ശമ്പളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപവരെ കേരള ബാങ്ക് കെഎസ്ആർടി സിക്ക് വായ്പ നൽകും. കൂടാതെ ഒരു മാസത്തേക്ക് ശമ്പളത്തിനായി വേണ്ടിവരുന്ന തുകയായ 80 കോടി രൂപ ഓവർഡ്രാഫ്റ്റായും നൽകും. ശമ്പളം കൃത്യമായി നൽകിയശേഷം വരുന്ന തിരിച്ചടവിന് രണ്ടു ഘട്ടമായി സർക്കാർ നൽകുന്ന 50 കോടി രൂപയും കെഎസ്ആർടിസിക്ക് ലഭിക്കുന്ന മറ്റ് വരുമാനവും ഉപയോഗിക്കും. ഇതുസംബന്ധിച്ച് അടുത്തിടെ സിഎംഡി കേരള ബാങ്ക് അധികൃതർ, ബാങ്ക് കൺസോർഷ്യം പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് മന്ത്രികെ.ബി.ഗണേഷ്കുമാർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
