
കേന്ദ്ര ബജറ്റ്: കേരളത്തിന് ഇത്തവണയും അവഗണനയെന്ന് പരാതി
- കേരളം കാത്തിരിപ്പ് തുടരണം;എയിംസുമില്ല, കെ റെയിലും കിട്ടിയില്ല
- കാർഷിക രംഗത്ത് ഉൽപാദന- സേവന മേഖലകളിലെ മാറ്റങ്ങൾക്ക് പുതിയ ബജറ്റ് സഹായിക്കുമെന്ന് ധനമന്ത്രി
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. ബീഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി സഹായങ്ങൾ അനുവദിച്ചപ്പോൾ പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു കേരളമുൾപ്പെടുന്ന സംസ്ഥാനങ്ങൾ. കേരളം പ്രതീക്ഷിച്ചിരുന്ന എയിംസും കെ റെയിലും ബജറ്റിൽ എങ്ങുമെത്തിയില്ല .
അതേ സമയം കാർഷിക മേഖലയ്ക്ക് ചെറിയ ആശ്വാസം പകരുന്ന കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തി. കാർഷിക അനുബന്ധ വ്യവസായങ്ങൾക്കായി 1.52 ലക്ഷം കോടി രൂപയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കാർഷിക രംഗത്ത് ഉൽപാദന- സേവന മേഖലകളിൽ മാറ്റങ്ങൾക്ക് പുതിയ നയങ്ങൾ സഹായിക്കുമെന്നാണ് ധനമന്ത്രിയുടെ അവകാശം. അതിൽ പ്രധാനമായും കാലാവസ്‌ഥാമാറ്റം പ്രതിരോധിക്കാൻ കഴിയുന്ന 109 വിളകൾ വികസിപ്പിക്കുമെന്നും ഒരുകോടി കർഷകരെ പ്രകൃതിസൗഹൃദ കൃഷിയിലേക്ക് കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടപ്പിലാക്കുമെന്ന് ധനമന്ത്രി പറയുന്നു.

തൊഴിൽ മേഖലയിലും , മധ്യവർഗം, ഇടത്തരം മേഖലകളിലുമായി ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് നാലു കോടി യുവാക്കൾക്ക് തൊഴിലവസരം നൽകുമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ്റെ ആദ്യ പ്രഖ്യാപനം. വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടി വകയിരുത്തി. കൂടാതെ
നഗര മേഖലകളിലെ ഭൂരേഖകൾ ഡിജിറ്റലാക്കുന്നതിനായി ഫണ്ട് വകയിരുത്തി.
പതിവ് പോലെ ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം അനുവധിച്ചിട്ടുണ്ട്.ഗയ, ബോധ്ഗയ ക്ഷേത്രങ്ങളിൽ കോടികളുടെ നവീകരണ പ്രവർത്തി നടക്കും. അതേസമയം 1 കോടി വീടുകളിൽകൂടി സോളാർ വൈദ്യുതി എത്തുമെന്നതും ഗ്രാമീണ മേഖലയ്ക്ക് 2.66 ലക്ഷം കോടി വകയിരുത്തിയതും പ്രതീക്ഷ പകരുന്നുണ്ട്.
രാജ്യത്ത് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായെന്നും ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്ന മോദിയുടെ പ്രഖ്യാപനം വിജയ പാതയിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു.