
കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ഏപ്രിലിൽ സർവീസ് തുടങ്ങും
- നെടുമ്പാശേരിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സർവീസ്
കരിപ്പൂർ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലിൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് ലഭിച്ചു. എയർ ഓപറേഷൻ സർട്ടിഫിക്കറ്റുകൂടി ലഭിച്ചാൽ സർവീസ് തുടങ്ങും. ഇത് ഉടൻ ലഭിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. തുടക്കത്തിൽ ആഭ്യന്തര സർവീസാണ് ലക്ഷ്യം. നെടുമ്പാശേരിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സർവീസ്. കരിപ്പൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും സർവീസുണ്ടാകും.

വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. അനുമതി ലഭിച്ചാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് തായ് ലൻഡ്, വിയറ്റ് നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ സെക്ടറുകൾക്ക് സർവീസിന് മുൻഗണന നൽകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കും.
CATEGORIES News