
കേരളത്തിലെ നാല് ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം
- കൂടുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എൻക്യുഎഎസ് അംഗീകാരം നേടാനുള്ള തയ്യാറെടുപ്പിലാണ്
തിരുവനന്തപുരം: കേരളത്തിലെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻക്യുഇഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു . കൊല്ലം അലയമൺ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്കോറും, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം 85.83 ശതമാനം സ്കോറും, എറണാകുളം ആരോഗ്യ ജില്ലയിലെ കട്ടിങ് പ്ലാന്റേഷൻ ജനകീയ ആരോഗ്യ കേന്ദ്രം 88.47 ശതമാനം സ്കോറും, വയനാട് ജില്ലയിലെ വടക്കനാട് ജില്ലയിൽ 90.55 ശതമാനം സ്കോറും നേടിയത് എൻക്യുഎഎസ് കരസ്ഥമാക്കിയതാണ്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ആദ്യമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉപകരണങ്ങളും ആരോഗ്യ സേവനങ്ങളും 36 ഇനം മരുന്നുകളും 10 തരം ലാബ് പരിശോധനകളും ലഭ്യമാക്കുന്നു. ഇതിലൂടെ വാർഡ് തലം മുതലുള്ള ആരോഗ്യ സേവനങ്ങൾ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് എൻക്യുഎഎസ് അംഗീകാരം. കൂടുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എൻക്യുഎഎസ് അംഗീകാരം നേടാനുള്ള തയ്യാറെടുപ്പിലാണ്.

സംസ്ഥാനത്തെ 197 ആശുപത്രികൾ എൻക്യുഎഎസ് അംഗീകാരവും 83 ആശുപത്രികൾ പുനഃഅംഗീകാരവും നേടി. അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെൻ്റർ, 133 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് എൻക്യുഎഎസ് അംഗീകാരം ലഭിച്ചു.എൻക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണ്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനപരിശോധന ഉണ്ടാകും. കൂടാതെ വർഷവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെൻ്റീവ് ലഭിക്കും.