
കേരള എംപിമാർ ഉഷാറാണ് ഫണ്ട് ചെലവഴിച്ചതിലും പാർലമെൻ്റിലെ പ്രകടനത്തിലും
- ബജറ്റ് ആൻ്റ് ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സംസ്ഥാന ഏജൻസിയുടേതാണ് റിപ്പോർട്ട്.
തിരുവനന്തപുരം: കേരളത്തിലെ എംപിമാർക്കെല്ലാം നല്ല ഹാജരുണ്ട്. പ്രാദേശിക വികസനഫണ്ട് ചെലവഴിച്ചതിലും ചർച്ചകളിലും മുന്നിൽ തന്നെ. കേരള എംപിമാർ മികച്ച പ്രകടനമാണ് അങ്ങ് ലോക്സഭയിൽ കാഴ്ചവെച്ചത് എന്നതാണ് പുതിയ റിപ്പോർട്ട്.
17-ാം ലോക്സഭയിൽ 729 സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചതിൽ 107 എണ്ണവും കേരള ത്തിൽ നിന്നായിരുന്നു. ഹാജരിൽ ദേശീയ ശരാശരി 79 ശതമാനമാണെങ്കിൽ കേരള എംപിമാരുടേത് 83 ശതമാനം. ‘ബജറ്റ് ആൻ്റ് ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സംസ്ഥാന ഏജൻസിയുടേതാണ് റിപ്പോർട്ട്.
വികസനഫണ്ടായി 17 കോടി രൂപ ലഭിച്ചതിൽ കൂടുതൽ ചെലവഴിച്ചത് തോമസ് ചാഴികാടനാണ്. അദ്ദേഹത്തിൻറെ ഫണ്ടിൽ ഇനി ബാക്കിയുള്ളത് രണ്ടു ലക്ഷം രൂപ മാത്രം. ശശി തരൂർ-നാലു ലക്ഷമേ ഇനി ചെലവഴിക്കാനുള്ളൂ. അടൂർ പ്രകാശ്-11 ലക്ഷം, രാജ്മോഹൻ ഉണ്ണിത്താൻ-28 ലക്ഷം, കെ.മുരളീധരൻ-75 ലക്ഷം, എ.എം.ആരിഫ്-76 ലക്ഷം, ആൻ്റോ ആൻ്റണി-85 ലക്ഷം, ബെന്നി ബെഹനാൻ-91 ലക്ഷം എന്നിങ്ങനെയാണ് ഫണ്ടിൽ കുറച്ചുമാത്രം ബാക്കിയുള്ള എംപിമാർ. ചെലവഴിക്കാത്ത തുക ഏറ്റവും കൂടുതലുള്ള എംപിമാരിൽ കൊടിക്കുന്നിൽ സുരേഷാണ് മുന്നിൽ-6.24 കോടി.
രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ 1.25 കോടി രൂപയുണ്ട്. ഡീൻ കുര്യാക്കോസ്-4.44 കോടി, വി.കെ. ശ്രീകണ്ഠൻ-3.19 കോടി, കെ .സുധാകരൻ-2.70 കോടി, ഇ.ടി.മുഹമ്മദ് ബഷീർ-2.56 കോടി, രമ്യ ഹരിദാസ്-2.46 കോടി, എൻ.കെ.പ്രേമചന്ദ്രൻ-2.41 കോടി, ടി.എൻ.പ്രതാപൻ-2.04 കോടി, ഹൈബി ഈഡൻ-1.80 കോടി, എം.പി.അബ്ദുൾസമദ് സമദാനി -1.55 കോടി, എം.കെ.രാഘവൻ-1.43 കോടി എന്നിങ്ങനെയാണ് ചെലവഴിക്കാൻ ബാക്കിയുള്ള തുക.
ചർച്ചകളിൽ പങ്കെടുത്തതിൽ മുന്നിട്ട് നിൽക്കുന്നത് എൻ.കെ. പ്രേമചന്ദ്രനാണ്. രണ്ടാമത് ഇ.ടി. മുഹമ്മദ് ബഷീറും മൂന്നാമത് ശശി തരൂരുമാണ്. ചോദ്യങ്ങളിൽ അടൂർ പ്രകാശാണ് ഒന്നാമൻ. ആൻ്റാേ ആൻ്റണി, ബെന്നി ബഹനാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ശൂന്യവേളയിൽ അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങളുന്നയിച്ചതിൽ എൻ.കെ. പ്രേമചന്ദ്രൻ തന്നെയാണ് മുന്നിലുള്ളത്. കൊടിക്കുന്നിൽ സുരേഷ് രണ്ടാമതാണ്. ടി.എൻ പ്രതാപൻ മൂന്നാസ്ഥാനത്തുമുണ്ട്.