
കേരള ടു ഗൾഫ്- കപ്പൽ യാത്രാ പദ്ധതി വരുന്നു
- കമ്പനികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു
പണ്ട് കേരളത്തിൽ നിന്ന് ഉരുവും കപ്പലുമായിരുന്നു ഗൾഫിലേക്കുള്ള യാത്രാ മാർഗങ്ങൾ. ഇനി വീണ്ടും ഗൾഫിലേക്ക് കേരളത്തിൽ നിന്ന് കപ്പൽയാത്രയ്ക്ക് വഴിയൊരുങ്ങുകയാണ്. ഗൾഫിലേക്കും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും കപ്പൽ യാത്രക്കുള്ള വഴി ഒരുക്കുകയാണ് കേരള സർക്കാർ. താത്പര്യമുള്ള കമ്പനികളിൽ നിന്ന് കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് യാത്രക്കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവ ഓടിക്കാനാണ് താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.
മൂന്നു ദിവസമാണ് ഗൾഫിലേക്ക് കടൽ യാത്ര വേണ്ടിവരിക. മലബാർ ഡെവലപ്മെൻ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ 2009 മുതൽ കപ്പൽ സർവീസ് പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയിരുന്നു. 2001-ൽ കൊച്ചിയിലേക്ക് യാത്രക്കപ്പൽ സർവീസ് തുടങ്ങിയെങ്കിലും രണ്ടുതവണ ഓടിയശേഷം നിർത്തുകയായിരുന്നു ഉണ്ടായത്. ഉയർന്ന വിമാനക്കൂലിയും ചരക്ക് കൊണ്ടുപോവാനാവാത്തതും കപ്പലിലേക്ക് യാത്രക്കാരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താത്പര്യമറിയിക്കുന്ന കപ്പൽ കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ച്, സർക്കാർ അനുമതിയോടെ മാരിടൈം ബോർഡ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുമെന്ന് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഏതു തരം കപ്പലുകൾ ഓടിക്കാനാണ് കമ്പനികൾ സമീപിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മറ്റ് കാര്യങ്ങൾ തീരുമാനിക്കുക. ഏപ്രിൽ 22 വരെയാണ് അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. സർവീസ് ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി നേരത്തേ നേടിയിരുന്നു.
കപ്പലുകൾ അടുപ്പിക്കാനും എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നതിനുമുള്ള ഇൻ്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡിൽ (ഐഎ സ്പിഎസ്) ബേപ്പൂർ തുറമുഖത്തിന് 2028-ൽ രാജ്യാന്തരപദവി ലഭിച്ചിരുന്നു.
മലബാർ ഡെവലപ്മെന്റ് കൗൺസിൽ അംഗങ്ങൾ ദുബായ് സന്ദർശിക്കുകയും പ്രമുഖ കപ്പൽക്കമ്പനി പ്രതിനിധികൾ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് പ്രമുഖർ എന്നിവരുമായി ചർച്ച നടത്തി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. വിമാനങ്ങൾ വലിയ നിരക്ക് ഈടാക്കുമ്പോൾ കപ്പൽ നിരക്കിൽ കുറവുണ്ടാകുമെന്നത് കൂടുതൽ യാത്രക്കാരെ ആകർഷിക്കുമെന്ന് മലബാർ ഡെവലപ്മെൻ്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ.ചാക്കുണ്ണി പറഞ്ഞു.