
കേരള സർവകലാശാലയിൽ നാലുവർഷ ബിരുദം; ഏകജാലകം തുറന്നു
- ഇത്തവണ 73 സ്പെഷലൈസേഷൻ കോഴ്സുകൾ
തിരുവനന്തപുരം: കേരള സർവകലാശാല നാലുവർഷ ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓൺലൈൻ ഏകജാലകം വ്യാഴാഴ്ച വൈകീട്ട് തുറന്നു. ജൂൺ ഏഴിന് വൈകീട്ട് അഞ്ചു വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഒരു വിദ്യാർത്ഥിക്ക് 20 ഓപ്ഷൻ വരെ നൽകാം. ഓരോ കോഴ്സിന്റെയും മേജർ, മൈനർ, സ്പെഷലൈസേഷൻ പേപ്പറുകൾ ഏതൊക്കെയെന്നു വിശദമാക്കിയിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കൽ എളുപ്പമാവും.
സർവകലാശാലാ പഠനവകുപ്പുകളിൽ ബി.ബി.എ. ഓണേഴ്സ് വിത്ത് റിസർച്ച് ഉൾപ്പെടെ 16 മേജർ കോഴ്സുകളും 51 മൈനർ കോഴ്സുകളും ലഭ്യമാക്കി.
അഫിലിയേറ്റഡ് കോളേജുകളിൽ 63 മേജർ കോഴ്സുകളിലായി ഇരുനൂറിലേറെ മൈനർ കോഴ്സുകളും ലഭ്യമാക്കി. നിർമിതബുദ്ധി,ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിങ്, റോബോട്ടിക്സ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, സൈബർ സെക്യൂരിറ്റി, എന്നിങ്ങനെ ഏറ്റവും നൂതനമായ 73 സ്പെഷലൈസേഷൻ കോഴ്സുകൾ ഒരുക്കിയിട്ടുണ്ടെന്ന് സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ പറഞ്ഞു.
600 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പട്ടികവിഭാഗക്കാർക്ക് 350 രൂപയാണ് ഫീസ്. ഏകജാലക സംവിധാനത്തിനുള്ള എല്ലാ ഫീസും ഓൺലൈനായി അടയ്ക്കണം. ചെക്ക്, ഡി.ഡി., ചലാൻ തുടങ്ങിയവ വഴി പണം സ്വീകരിക്കില്ല. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളേജിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. പ്രവേശനസമയത്ത് അതതു കോളേജുകളിൽ ഹാജരാക്കിയാൽ മതി.
വെബ്സൈറ്റ്: admission.keralauniversity.ac.in. ഇ-മെയിൽ: ach@keralauniversity.ac.in ഹെൽപ്പ്ലൈൻ: 8281883052, 8281883053.