
കോളജ് വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
- ഡിസംബർ 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം :ഹയർ സെക്കൻഡറി പരീക്ഷയിലെ മാർക്കിന്ടെ അടിസ്ഥാനത്തിൽ കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് കേന്ദ്ര മാനവശേഷി മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പാണ് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്. അർഹരായ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് പുതുക്കാനും അവസരമുണ്ട്.

യോഗ്യത:ഹയർ സെക്കൻഡറി/വി.എച്ച്.എസ്.സി ബോർഡുകൾ 2024ൽ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80-ാം പേർസന്റയിലിനു മുകളിൽ മാർക്ക് നേടി, ഏതെങ്കിലും റെഗുലർ ബിരുദ പ്രോഗ്രാമിന് ചേർന്നവർക്കാണ് അർഹത. പ്രായം 18നും 25 നുമിടയിലായിരിക്കണം.കുടുംബ വാർഷിക വരുമാനം നാലര ലക്ഷം രൂപയിൽ കവിയരുത്.കറസ്പോണ്ടൻസ്/ ഡിസ്റ്റൻസ് / ഡിപ്ലോമ കോഴ്സുകാർക്കും മറ്റേതെങ്കിലും സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും അർഹതയില്ല. ആകെ സ്കോളർഷിപ്പിന്റെ 50 ശതമാനം പെൺകുട്ടികൾക്കും 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.ടി വിഭാഗത്തിനും 27 ശതമാനം ഒ.ബി.സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും 5 ശതമാനം ഭിന്നശേഷിക്കാർക്ക് നീക്കിവച്ചിട്ടുണ്ട്.അഞ്ചുവർഷം സ്കോളർഷിപ്പ്

ബിരുദതലം മുതൽ പരമാവധി അഞ്ചു വർഷത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. പ്രൊഫഷനൽ കോഴ്സുകൾക്കും ലഭിക്കും. ദേശീയ തലത്തിൽ ഓരോ വർഷവും 82,000 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. ബിരുദതലത്തിൽ ഒരു വർഷം 12,000 രൂപയും ബിരുദാനന്തര ബിരുദ തലത്തിൽ വർഷത്തിൽ 20,000 രൂപയുമാണ് ലഭിക്കുക. വർഷം തോറും സ്കോളർഷിപ്പ് പുതുക്കേണ്ടതുണ്ട്.അപേക്ഷ ഓൺലൈനിൽ ഡിസംബർ 15നകം scholarships.gov.in വഴി പുതിയ സ്കോളർഷിപ്പിനും നിലവിലുള്ള സ്കോളർഷിപ്പ് പുതുക്കുന്നതിനും അപേക്ഷ സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകളുടെ പകർപ്പുകൾ എന്നിവ സ്ഥാപനമേധാവി മുമ്പാകെ സമർപ്പിക്കണം.