
കോഴിക്കോട് ഒരു മിനി ഇന്ത്യ -സച്ചിദാനന്ദൻ
- മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ ജീവിക്കുന്ന സ്മാരകങ്ങൾ നമ്മുക്കും വേണം. മൃതമായ സ്മാരകങ്ങൾ കാലത്തെ അതിജീവിക്കില്ല -സച്ചിദാനന്ദൻ
കോഴിക്കോട് : കോഴിക്കോട് ഒരു മിനി ഇന്ത്യ ആണെന്നും ഇന്ത്യയുടെ സംസ്കാരം ഇത്രയേറെ ഇടകലർന്ന് പ്രതിഫലിപ്പിക്കുന്ന മറ്റൊരു നഗരമില്ലെന്നും സച്ചിദാനന്ദൻ. ഡിസി കിഴക്കേ മുറി ഫൗണ്ടേഷൻ നടത്തിയ കേരള ലിറ്ററേചർ ഫെസ്റ്റിവലിന്റെ ഒന്നാം ദിവസത്തിലെ ‘സാഹിത്യ ലോകഭൂപടത്തിലെ നാളത്തെ കോഴിക്കോട് ‘എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോടിന് ലോക സാഹിത്യ നഗരിയാകാനുള്ള മൂലധനം നിശ്ചയമായും ഇപ്പോൾ ഉണ്ടെന്നും, ഇന്ത്യൻ ബഹുസ്വരത പ്രതിഫലിപ്പിക്കുന്ന നഗരം ഇന്ത്യയിൽ, കേരളത്തിൽ മറ്റൊന്നില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഉത്തരേന്ത്യൻ സംഗീതം പ്രചരിപ്പിച്ചത് കോഴിക്കോടാണെന്നും സാർവ്വ ദേശീയതയാണ് കോഴിക്കോടിന്റെ മുഖ്യ മുഖമെന്നും കേരളീയ സാഹിത്യത്തെയും, ഇന്ത്യൻ സാഹിത്യത്തെയും പ്രതിനിധാനം ചെയ്യുന്ന നഗരം കൂടിയാണ് കോഴിക്കോട് എന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോടിന്റെ സാംസ്‌കാരിക കൈമാറ്റം പ്രത്യേക സ്വഭാവ സവിശേഷതയെയും കോഴിക്കോടിന്റെ ഏറ്റവും വലിയ പ്രതിഫലനം അതിന്റെ സർവദേശീയതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനയുടെ ലോകം എന്നത് ഒരു സാംസ്‌കാരികത കൂടിയാണ്. ഹിന്ദുസ്ഥാനി സംഗീതവും സാഹിത്യ മാസികകളും പ്രമുഖ പത്രങ്ങളുടെ കേന്ദ്രവും കൂടിയാണ് കോഴിക്കോട്. എന്നാൽ സ്മാരകങ്ങളെ നിലനിർത്താനും അവയെ കാലത്തിനൊപ്പം മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നിർമിച്ചെടുക്കാനും കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോഴിക്കോട്ട് ബഷീറിന് പോലും സ്മാരകമില്ലാത്തത് വിഷമകരമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.
മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ ജീവിക്കുന്ന സ്മാരകങ്ങൾ നമ്മുക്കും വേണമെന്നും മൃതമായ സ്മാരകങ്ങൾ കാലത്തെ അതിജീവിക്കാതെ പോകുമെന്നും, അത്തരത്തിൽ, ജീവിക്കുന്ന സ്മാരകങ്ങളിൽ ഒന്നാണ് മോസ്‌കോയിലെ പുഷ്‌കിൻ സ്മാരകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ജീവന്റെ അംശമുണ്ടെന്നും എഴുത്തുകാരുടെ ജീവിതത്തിന്റെയും അവരുടെ കലയുടെയും എഴുത്തിൻ്റേയും സൃഷ്ടികൾ അവിടെ ജീവിക്കുന്ന വിധത്തിൽ ആണ്. നമ്മുടെ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും സ്മാരകങ്ങൾ അതുപോലെ ചെയ്ത് നിലനിർത്തുന്നത് സാഹിത്യ, സംസ്കാരിക ലോകത്തോട് ചെയ്യുന്ന കരുതലവണം എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സമഗ്രസംസ്കാരത്തിന്റെ ഈറ്റില്ലമാണെന്നും സങ്കര സംസ്കാര പൈതൃകമാണ് കോഴിക്കോടിന്റെ അടിസ്ഥാനമെന്നും കോഴിക്കോട് മേയർ ബീന ഫിലിപ് അഭിപ്രായപെട്ടു.കോഴിക്കോടിനെ ഒരു സ്‌പോർട്സ് ഇക്ണോമി, ക്രീയേറ്റീവ് ഇക്ണോമി എന്നീ രീതിയിലൂടെ ഉയർത്തികൊണ്ടുവരാൻ പ്രയത്നിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.