
കർണാടക യാത്രയ്ക്ക് നിരക്ക് കൂട്ടി കെഎസ്‌ആർടിസി
- കെഎസ്‌ആർടിസി കർണാടകയിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനംവരെയാണ് വർധിപ്പിക്കുന്നത്
ബെംഗളൂരു യാത്രയ്ക്ക് ഇനി നിരക്ക് കൂടും. കെഎസ്‌ആർടിസി കർണാടകയിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനംവരെയാണ് വർധിപ്പിക്കുന്നത്. ഉടൻ തന്നെ നിരക്കുവർധന പ്രാബല്യത്തിൽ വരും.കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കഴിഞ്ഞ ഞായറാഴ്ച അർധരാത്രിമുതൽ യാത്രാനിരക്ക് വർധിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് കെ.എസ്.ആർ.ടി.സി.യും നിരക്ക് വർധിപ്പിക്കുന്നത്. ഇതോടെ ബെംഗളൂരു ഉൾപ്പെടെ കർണാടകയിലേക്കുള്ള യാത്രയ്ക്ക് ഇനി പണം കൂടുതൽ ചിലവാകും.

കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ 14 മുതൽ 16.5 ശതമാനം വരെയാണ് നിരക്കു വർധിപ്പിച്ചത്. ഓർഡിനറി ബസുകളിലാണ് 14 ശതമാനം വർധന. രാജഹംസ, ഐരാവത്, മൾട്ടി ആക്സിൽ ബസുകൾ, കൊറോണ സ്ലീപ്പറുകൾ, ഫ്ലൈബസ്, അംബാരി, നോൺ എ.സി. സ്ലീപ്പർ തുടങ്ങിയ അന്തസ്സംസ്ഥാന ആഡംബര സർവീസുകൾക്ക്, ബസിൻ്റെ ക്ലാസ് അനുസരിച്ചാണ് 16.5 ശതമാനംവരെ വർധനയുള്ളത്.
നിരക്കുവർധനയുടെ കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ തമ്മിൽ ധാരണയുണ്ട്. ഇതനുസരിച്ച് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കേരളത്തിലേക്കുള്ള സർവീസുകൾക്ക് നിശ്ചയിച്ചിട്ടുള്ള നിരക്ക് കർണാടകയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യും ഈടാക്കണം. എന്നാൽ കേരളത്തിനകത്ത് കെ.എസ്.ആർ.ടി.സി.യുടെ മറ്റ് സർവീസുകൾക്ക് ഈ നിരക്കുവർധനയുണ്ടാവില്ല.