
കൽപ്പാത്തി രഥോത്സവം; ഇന്ന് പാലക്കാട് താലൂക്കിൽ പ്രാദേശിക അവധി
- മുന്നേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല
പാലക്കാട്:കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.മുന്നേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. ഇന്ന് കൽപ്പാത്തിയിൽ ദേവരഥ സംഗമമാണ്. വൈകീട്ട് 6ന് കൽപ്പാത്തിയിലെ 4 ക്ഷേത്രങ്ങളിലെ 6 രഥങ്ങൾ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിൽ സംഗമിക്കും. രാവിലെ ശ്രീലക്ഷ്‌മി നാരായണ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് കൃഷ്‌ണ രഥം ഗ്രാമവീഥിയിൽ പ്രയാണം തുടങ്ങും.

ഏകദേശം ഒരേ സമയത്തു തന്നെ ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമ വീഥിയിൽ എത്തും.ഗ്രാമ വീഥിയിൽ 4 മണിയോടെ എല്ലാ തേരുകളും ഒരുമിച്ചെത്തും. തേരുമുട്ടിയിലെ ദേവരഥ സംഗമം കാണാൻ കൽപ്പാത്തിയിലെത്തുന്നത് നിരവധി പേരാണ്. നഗരത്തിൽ രഥോത്സവത്തോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
