
ഖത്തറിൽ കാറ്റും മഴയും കനക്കും; മേയ് വരെ അസ്‌ഥിര കാലാവസ്ഥാ മുന്നറിയിപ്പ്
- പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തെ നേരിടാൻ പൊതുജനങ്ങൾ തയാറെടുക്കണമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ:ഖത്തറിൽ അൽ സരായത് സീസണിന് തുടക്കമാകുന്നതോടെ കാറ്റും മഴയും കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തെ നേരിടാൻ പൊതുജനങ്ങൾ തയാറെടുക്കണമെന്നും കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മാർച്ച് അവസാനം മുതൽ മേയ് പകുതി വരെയാണ് അൽ സരായത് സീസൺ. പെട്ടെന്നുള്ള കാലാവസ്‌ഥാ വ്യതിയാനം സംഭവിക്കുന്ന കാലമാണ് പ്രാദേശികമായി അൽ സരായത് എന്നറിയപ്പെടുന്നത്. ക്ഷണനേരത്തിൽ ആകാശം മേഘാവൃതമാകുകയും ഇടിമിന്നലോടു കൂടിയ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുകയും ചെയ്യുന്നതാണ് അൽ സരായത്തിന്റെ പ്രത്യേകത.

വൈകുന്നേരത്തിനും രാത്രിക്കും ഇടയിലാണ് അപ്രതീക്ഷിതമായി കാലാവസ്ഥയിൽ മാറ്റമുണ്ടാകുക. ചില പ്രദേശങ്ങളിൽ മഴയ്ക്ക് തീവ്രതയേറും.പെട്ടെന്നുള്ള മഴയും കാറ്റുമാണ് അൽ സരായത്ത് സീസണിന്റെ പ്രത്യേകത എന്നതിനാൽ വെല്ലുവിളികളെ അതിജീവിക്കാൻ ഔട്ഡോർ ഇവന്റ് നടത്തുന്നവർ അടിയന്തര പദ്ധതികൾ പ്ലാൻ ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
