ചരിത്രം കുറിച്ച നീലക്കുയിലിന് എഴുപതുവയസ്

ചരിത്രം കുറിച്ച നീലക്കുയിലിന് എഴുപതുവയസ്

✍️ജമാൽ കൊച്ചങ്ങാടി എഴുതുന്നു…

  • നീലക്കുയിലിലെ ഒമ്പതു പാട്ടുകളും വ്യത്യസ്തവും ഇമ്പമുള്ളതുമായിരുന്നു

1954-ൽ എറണാകുളം പത്മാ ടാക്കീസിൽ നിന്ന് ഇക്കാക്കയോടൊപ്പം നീലക്കുയിൽ കണ്ടിറങ്ങുമ്പോൾ എനിക്ക് 10 വയസ്. കയ്യിൽ രണ്ടണയ്ക്ക് വാങ്ങിയ പാട്ടുപുസ്തകം. നീലക്കുയിൽ ഇഷ്ടപ്പെടാൻ സിനിമാ ബാഹ്യമായ കാരണങ്ങളുമുണ്ട്.
അതിലൊന്ന് അത് നിർമ്മിച്ച ടി.കെ. പരീക്കുട്ടിയുടെ സഹോദരന്മാർ തൊട്ടയൽക്കാരാണ് എന്നതാണ് . കോൺഗ്രസ് കൗൺസിലറായ ടി.കെ.സി. പരി, ടി.കെ. അബ്ദു, ടി.കെ. ഇബ്രാഹിം, ടി.കെ. ഖാലിദ്, ടി.കെ. അബു. ഇവരിൽ പലരും എന്നെ എടുത്തു കൊണ്ട് നടന്നിട്ടുള്ളവരാണ്. സ്വന്തം ബന്ധുക്കളെ പോലെയാണ്. എന്നെ കണ്ടാൽ “എന്താണു പുള്ളേ ” എന്ന് ചോദിക്കുന്ന ടി.കെ.സി. പരിയുടെ മകൻ ടി.പി. മമ്മാലി കളിക്കൂട്ടുകാരൻ കൂടിയാണ്.

കൊച്ചങ്ങാടിക്കാരനായ ഒ.വി. അബ്ദുല്ല നീലക്കുയിലിൽ അഭിനയിച്ചിട്ടുണ്ടെന്നറിഞ്ഞ് ഞങ്ങൾ കുറെ കുട്ടികൾ അങ്ങേരെ കാണാൻ ചിത്തു പറമ്പിൽ പോയതോർക്കുന്നു. പ്രേം നസീറിൻ്റെ താരപരിവേഷം അബ്ദുല്ലയിൽ ഞങ്ങൾ കണ്ടു. നാടകങ്ങളിൽ കൊങ്കിണി കഥാപാത്രങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരുന്ന അബ്ദുല്ലയെ സിനിമയിൽ തിരിച്ചറിയാനായില്ല. തുടക്കത്തിലെ ജിഞ്ചക്കം താരോ എന്ന സംഘഗാനഗായകരിലൊരാൾ മാത്രമായിരുന്നു അയാൾ. എന്നാൽ മട്ടാഞ്ചേരി ക്കാരനായ ജെ.എ.ആർ. ആനന്ദ് എന്ന അബ്ദുക്കയ്ക്ക് കഥാനായികയുടെ അച്ഛൻ്റെ റോളായിരുന്നു. പി.ജെ. ആൻ്റണിയുടെയും മറ്റും നാടകങ്ങളിൽ അഭിനയിച്ച പാരമ്പര്യമുണ്ട്. രാരിച്ചൻ എന്ന പൗരനിലും അബ്ദുക്കയ്ക്ക് വേഷമുണ്ടായിരുന്നു. അദ്ദേഹം മദിരാശിയിൽ താമസിച്ച് സമ്പൂർണ സിനിമാക്കാരനായി. മകൾ സബിതാ ആനന്ദ് സിനിമാ നടിയായി. ഇടയ്ക്ക് കൊച്ചിയിൽ വരുമ്പോൾ അബ്ദുക്ക മാനുവൽ റിക്ഷയിൽ കയ്യിൽ സിഗററ്റ് ടിന്നുമായി കാലിന്മേൽ കാലും കയറ്റി യിരുന്ന് സിനിമാതാരത്തിൻ്റെ പകിട്ടു കാണിച്ചു.

മണവാളൻ ജോസഫാണ് നീലക്കുയിലിലൂടെ മോക്ഷം കിട്ടിയ മട്ടാഞ്ചേരിക്കാരനായ മറ്റൊരു നടൻ. ബാലകൃഷ്ണമേനോൻ അഭിനയിച്ച മാപ്പിള കഥാപാത്രം കായലരികത്ത് എന്ന പാട്ടുപാടുമ്പോൾ ബിജിഎമ്മിൽ ചായയടിക്കുന്നത് ജോസഫാണ്. അളിയൻ വന്നത് നന്നായി എന്ന നാടകത്തിൽ മണവാളവേഷം അഭിനയിച്ചാണ് ആ പേര് കിട്ടിയതത്രേ.
ചെണ്ടക്കാരൻ്റെ ചെറിയ വേഷം കെട്ടിയ ജോൺസൺ ആണ് കൊച്ചിക്കാരനായ മറ്റൊരു നടൻ. എഫ്എസിറ്റിയിലെ ഉദ്യോഗസ്ഥനായിരുന്നു. കായലരികത്ത് എന്ന പ്രശസ്ത ഗാനം പാടാൻ സംഗീത സംവിധായകൻ രാഘവൻ മാഷ് കണ്ടുവെച്ചത് ഹാജി അബ്ദുൽ ഖാദറിനെയാണ്. പി. ഭാസ്ക്കരൻ്റെ ആദ്യ ഗാനം പാടിയ ആൾ എന്നതായിരുന്നു പരിഗണന.

കൊടുങ്ങല്ലൂർക്കാരനായ ഹാജി അന്ന് കൊച്ചിയിലായിരുന്നു താമസം. സിറ്റിറ്റിയുവിൻ്റെ ആദ്യത്തെ സെക്രട്ടറി. ചരിത്രകാരനായ പി.എ. സെയ്തു മുഹമ്മദിക്ക തമാശയായി പറഞ്ഞ പോലെ ഹാജി പാടുമ്പോൾ കാറ്റാണ് വന്നിരുന്നത്. പരീക്കുട്ടിക്ക പറഞ്ഞു. ഈ പാട്ട് മാഷ് പാടിയാൽ മതി. അങ്ങനെയാണ് രാഘവൻ മാഷ് പാടിയത്. ആ ഗാനം മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റായി മാറി. രാഘവൻ മാഷ് പിൽക്കാലത്ത് എൻ്റെ ഒരു പാട്ടിന് ഈണമിട്ടത് എൻ്റെ സ്വകാര്യാഭിമാനമാണ്.

നീലക്കുയിലിലെ ഒമ്പതു പാട്ടുകളും വ്യത്യസ്തവും ഇമ്പമുള്ളതുമായിരുന്നു. ദക്ഷിണാമൂർത്തി സ്വാമി വരെ ഹിന്ദി സിനിമാപ്പാട്ടുകളെ കോപ്പിയടിച്ച കാലത്ത് മലയാളത്തിൻ്റെ മണമുള്ള ആദ്യ ഗാനങ്ങൾ സൃഷ്ടിച്ച കെ. രാഘവനാണ് നമ്മുടെ സിനിമാസംഗീതത്തിൻ്റെ പിതാവെന്ന് വിശേഷിപ്പിക്കാം. രാമു കാര്യാട്ടും പി. ഭാസ്ക്കരൻ മാഷും ചേർന്ന് സംവിധാനം ചെയ്ത നീലക്കുയിൽ എല്ലാ നിലയ്ക്കും സിനിമാചരിത്രത്തിൽ അധ്യായമായി.

രാമു കാര്യാട്ട്

ഉറൂബിൻ്റെ പ്രമേയം വിപ്ലവമായ ഒന്നായിരുന്നു. ഇതിൻ്റെ മറ്റൊരു ഭാഷ്യമായിരുന്നു ധൂൽ കാ ഫൂൽ എന്ന ഹിന്ദി ചിത്രം. നായരും പുലയിയും തമ്മിലുള്ള പ്രണയ ബന്ധമായിരുന്നു കഥാതന്തു. ഹിന്ദിയിലിത് ഹിന്ദു-മുസ്ലിം പ്രണയമായി. സത്യനും മിസ് കുമാരിയും താരങ്ങൾ. ബാലതാരമായഭിനയിച്ച വിപിൻ മോഹൻ പിൽക്കാലത്ത് പ്രശസ്ത സിനിമാറ്റോഗ്രഫറായി. എഫ്എസിറ്റിയിലെ തോണി കോൺട്രാക്ടറായിരുന്ന ടി.കെ.പരീക്കുട്ടിയുടെ ചന്ദ്രതാരാ പ്രൊഡക്ഷൻസ് നിർമ്മിച്ച നീലക്കുയിൽ രാഷ്ട്രപതിയുടെ ആദ്യത്തെ സിൽവർ മെഡൽ നേടി.

പി. ഭാസ്കരൻ

പിന്നെയുമെത്രയോ ദേശീയ ബഹുമതികൾ! രാരിച്ചൻ എന്ന പൗരൻ, നാടോടികൾ, കുഞ്ഞാലി മരയ്ക്കാർ, മുടിയനായ പുത്രൻ, ഭാർഗ്ഗവി നിലയം……
ഫോർട്ടു കൊച്ചിയിൽ സൈന എന്ന 70- എംഎം തിയേറ്ററും സ്ഥാപിച്ചു പരീക്കുട്ടി. മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ ടി.കെ. പരീക്കുട്ടിക്ക് അർഹിക്കുന്ന ആദരം നൽകിയാേ മലയാളികൾ? എന്നതും ചോദ്യമാണ്. സൈന തിയേറ്റർ ഇരുന്നിരുന്നയിടം ഒരു സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം വളരെ ന്യായമാണ്. അതിന് എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )