ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരം സമാപിച്ചു

ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരം സമാപിച്ചു

  • ശിബിരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ചെങ്ങോട്ടുകാവ് :ചേലിയ കഥകളി വിദ്യാലയത്തിൽ 14 ദിവസം നീണ്ടു നിന്ന കഥകളി പഠന ശിബിരത്തിന് സമാപനമായി. ഗുരുപൂജാ പുരസ്കാര ജേതാവ് പ്രശസ്ത താളവാദ്യ കലാകാരൻ ശിവദാസ് ചേമഞ്ചേരിയാണ് ശിബിരം ഉദ്ഘാടനം ചെയ്തത്. ശിബിരത്തിൽ ദിവസവും രാവിലെ 9 മണിമുതൽ വൈകീട്ട് 5.30 വരെ കഥകളിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രായോഗിക പരിശീലനങ്ങൾ ഉൾപ്പടെയുള്ള ക്ലാസുകൾ നടന്നു. കഥകളി വേഷം, ചെണ്ട, സംഗീതം, ചുട്ടിയും കോപ്പു നിർമ്മാണവും എന്നിവയിൽ വിദഗ്ദ്ധർ പരിശീലനം നൽകി. ദിവസവും വൈകീട്ടു നടന്ന പരിചയ സമ്പർക്ക പരിപാടികളിൽ പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിവിധ വിഭാഗങ്ങളിലായി 60 വിദ്യാർത്ഥികൾ ശിബിരത്തിൽ പങ്കെടുത്തു. ജൂൺ 1 മുതൽ ആരംഭിക്കുന്ന ദ്വിവത്സര കഥകളി പരിശീലന കോഴ്സിൽ ചേർന്നു പഠനം തുടരാൻ ശിബിരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.

കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശ്രീരാം, കലാമണ്ഡലം ശിവദാസ്, കലാനിലയം പത്മനാഭൻ, കലാനിലയം ഹരി നമ്പൂതിരി എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ശിബിരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദ്വിവത്സര കോഴ്സ് പഠനം പൂർത്തിയാക്കിയ 15 ഓളം വിദ്യാർത്ഥികൾ വിവിധ ദിവസങ്ങളിൽ ചുട്ടിയും കോപ്പുമണിഞ്ഞ് അരങ്ങിലെത്തി. കൂടാതെ കഥകളി വിദ്യാലയം സീനിയർ വിദ്യാർത്ഥികളായ ആദർശ്, ആർദ്ര പ്രേം, നന്ദിനി ശിവദാസ്, ഗായത്രി സുരേഷ്, ഋതുൽ കൃഷ്ണ, അതുൽജിത്ത്, ബദരീനാഥ്, റിതുൽ എന്നിവർ വേഷമിട്ട ദുര്യോധന വധം കഥകളിയും അവതരിപ്പിക്കപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )