
ജനത്തിരക്ക് മൂലം കരുതിയതിലും ഏറെ വൈകിയാണ് വിലാപയാത്ര മുന്നോട്ടു പോകുന്നത്
- കനത്ത മഴയെ പോലും വകവെക്കാതെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഈ നേരമത്രയും കാത്തുനിന്നത്
തിരുവനന്തപുരം :അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. മൃതദേഹവും വഹിച്ചുള്ള ബസ് 16 മണിക്കൂർ യാത്ര പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. കനത്ത മഴയെ പോലും വകവെക്കാതെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഈ നേരമത്രയും കാത്തുനിന്നത്

വിലാപയാത്ര കടന്നുപോകുന്ന പാതയോരങ്ങളിൽ വി എസിനെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയ പലരും കണ്ണീർ പുഷ്പങ്ങളുമായാണ് യാത്രാമൊഴിയേകിയത്. ജനത്തിരക്ക് മൂലം കരുതിയതിലും ഏറെ വൈകി, സാവധാനത്തിലാണ് വിലാപയാത്ര മുന്നോട്ടു പോകുന്നത്. വിലാപയാത്ര 16 മണിക്കൂർ കൊണ്ട് 92 കിലോമീറ്ററാണ് പിന്നിട്ടിട്ടുള്ളത്.
ആലപ്പുഴയെപ്പോലെ തന്നെ പ്രിയപ്പെട്ട കൊല്ലത്തിൻ്റെ മണ്ണിൽ വിപ്ലവനായകനിത് ഒരിക്കലും മടങ്ങി വരാത്ത യാത്രയാണിത്.