ജി.എൻ.സായിബാബ അന്തരിച്ചു

ജി.എൻ.സായിബാബ അന്തരിച്ചു

  • മാവോയിസ്റ്റ് ബന്ധം ആരോപിയ്ക്കപ്പെട്ട് പത്തു വർഷത്തോളം നീണ്ടുനിന്ന ജയിൽ വാസത്തിന് ശേഷം കോടതി കുറ്റവിമുക്തനായി കണ്ടെത്തിയതിനെതുടർന്ന് ജയിൽ മോചിതനാക്കിയിരുന്നു

ഹൈദരബാദ്: മാവോയിസ്റ്റ് ബന്ധം ആരോപിയ്ക്കപ്പെട്ട് ഒരു ദശാബ്ദക്കാലം ജയിലിൽ അടയ്ക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബ (57)അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പത്തു വർഷത്തോളം നീണ്ടുനിന്ന ജയിൽ വാസത്തിന് ശേഷം കേസിൽ
അദ്ദേഹത്തെ കോടതി കുറ്റവിമുക്തനായി കണ്ടെത്തിയതിനെതുടർന്ന് ജയിൽ മോചിതനാക്കിയിരുന്നു. ജയിൽവാസക്കാലത്ത് ആരോഗ്യം തകർന്ന അദ്ദേഹം ശാരീരിക അവശതകൾ നേരിട്ടതിനെതുടർന്ന് വീൽ ചെയറിലായിരുന്നു .

2017-ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തിയതും ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചതും . വിധിയെ ചോദ്യംചെയ്തുകൊണ്ട്
സായിബാബ സമർപ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ
വെറുതെ വിട്ടത്. മാവോവാദി ബന്ധം ആരോപിക്കപ്പെട്ട റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു
യുപിഎ സർക്കാറിന്റെ കാലത്ത് സായിബാബ അടക്കം ഏഴുപേരെ
പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

മാവോവാദി കേസിൽ 2014 മേയിലാണ് ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ ഡൽഹിയിലെ
വസതിയിൽനിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തി
കേസെടുത്തതോടെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. 2017ൽ സെഷൻസ്
കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവിസിൽ നിന്ന് പുറത്താക്കി. 2022 ഒക്ടോബർ 14ന് കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ഹൈകോടതി വിട്ടയച്ചു. എങ്കിലും മഹാരാഷ്ട്ര സർക്കാർ വാദം അംഗീകരിച്ച് സുപ്രീംകോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈകോടതിയിൽ കേസ് പരിഗണിച്ച് അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ജയിൽ മോചിതനാക്കിയത്. ഇതിനിടെ കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.

യുഎപിഎ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പത്ത് വർഷത്തോളം ജയിലിൽ അടയ്ക്കപ്പെട്ട സായിബാബയുടെ കേസിൽ ഹൈകോടതി കണ്ടെത്തിയിരുന്നു. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന സായിബാബ 2014ൽ അറസ്റ്റിലായതു മുതൽ നാഗ്‌പുർ സെൻട്രൽ ജയിലിലായിരുന്നു. സായിബാബയുടെ വീട്ടിൽ റെയ്ഡ് നടന്നതിന് പിന്നാലെ നിരവധി പേർ സർക്കാരിന്റെയും പോലീസിന്റെയും നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )