
ജി സുധാകരനെ അവഗണിക്കാൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണ
- സുധാകരന്റെ ജന്മനാടായ ചാരുംമൂട്ടിൽ സി.പി.ഐ.എം നേതാക്കളുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും നടന്നിരുന്നു. ‘കുലംകുത്തി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകളും ഉയർന്നിരുന്നു.
തിരുവനന്തപുരം :പാർട്ടിയുമായി വഴിപിരിഞ്ഞ ജി സുധാകരനെ അവഗണിക്കാൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണ. പ്രകോപനം ഉണ്ടാക്കേണ്ടതില്ലെന്നും സുധാകരൻ മത്സരിച്ചാലും ഭീഷണിയില്ലെന്നും നേതൃത്വം വിലയിരുത്തി. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെ വർഗവഞ്ചകനെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ വ്യാപകമായി ഒട്ടിച്ചിരുന്നു. സുധാകരന്റെ ജന്മനാടായ ചാരുംമൂട്ടിൽ സി.പി.ഐ.എം നേതാക്കളുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും നടന്നിരുന്നു. ‘കുലംകുത്തി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകളും ഉയർന്നിരുന്നു. എന്നാൽ ഇനിയും അത്തരത്തിലുള്ള പ്രചരണങ്ങളോ പ്രകടനങ്ങളോ നടത്തേണ്ടതില്ല എന്നാണ് സി.പി.ഐ.എമ്മിൻ്റെ തീരുമാനം.

സി.പി.ഐ.എമ്മുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. ‘കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,’ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
