
ജോയിക്കായുള്ള തെരച്ചിൽ 27-ാം മണിക്കൂറിലേക്ക് – നേവി ഇറങ്ങും
- ഇറങ്ങാൻ ദുഷ്കരമായ മാൻഹോളുകൾ, തള്ളിനീക്കാൻ കഴിയാത്ത മാലിന്യം, രൂക്ഷ ഗന്ധം…. തുടങ്ങി നിരവധി പ്രതികൂല ഘടകങ്ങളാണ് ജോയിയെ കണ്ടെത്താനുള്ള ദൗത്യം ദുഷ്കരമാക്കുന്നത്
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾക്കിടയിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ 26 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടിൽ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
അപകടസമയത്ത് ജോയി മാത്രമായിരുന്നു ടണലിന്റെ ആ ഭാഗത്ത് ഉണ്ടായിരുന്നത്.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു.ടണലിൽ ഒഴുക്ക് പെട്ടന്ന് കൂടിയപ്പോളാണ് ജോയിയെ കാണാതാവുന്നത് . സൂപ്പർവൈസർ കയറിട്ടു നൽകിയെങ്കിലും രക്ഷപ്പെടാനായില്ല.
ഇറങ്ങാൻ ദുഷ്കരമായ മാൻഹോളുകൾ, തള്ളിനീക്കാൻ കഴിയാത്ത മാലിന്യം, അതിനു രൂക്ഷ ഗന്ധം… തുടങ്ങി നിരവധി ഘടകങ്ങളാണ് ജോയിയെ കണ്ടെത്താനുള്ള ദൗത്യം ദുഷ്കരമാക്കുന്നത് . മുങ്ങൽ വിദഗ്ധർ ഇറങ്ങിയെങ്കിലും പാറ പോലെ ഉറച്ചുപോയ മാലിന്യം കാരണം ഭൂഗർഭ ഓടയിലൂടെ അധികദൂരം മുന്നോട്ടുപോകാനാകുന്നില്ല. റെയിൽവേ ലൈൻ മുകളിലൂടെ പോകുന്നതിനാൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. ഓടയുടെ നീളം 117 മീറ്റർ. ഇതിൽ നൂറു മീറ്ററോളം പരിശോധന നടത്തിയതായി അധികൃതർ പറയുന്നു. ഇതോടെയാണ് ടെക്നോപാർക്കിലെ കമ്പനിയുടെ റോബോട്ട് സ്ഥലത്തെത്തിച്ച് തിരച്ചിൽ ആരംഭിച്ചത്.
റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് സ്കൂബാ ടീം അംഗങ്ങൾ ടണലിനുള്ളിലേക്ക് പ്രവേശിച്ച് നടത്തിയ പരിശോധനയിൽ ഇത് മനുഷ്യശരീരമല്ലെന്നും മാലിന്യമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, വീണ്ടും ടണലിനുള്ളിലേക്ക് പ്രവേശിച്ച് പരിശോധന നടത്താനാണ് ഇപ്പോഴത്തെ ശ്രമം.