ജർമനിക്ക് വേണം                                              90,000 ഇന്ത്യൻ വിദഗ്ധ ജോലിക്കാരെ

ജർമനിക്ക് വേണം 90,000 ഇന്ത്യൻ വിദഗ്ധ ജോലിക്കാരെ

  • ഭാഷയ്ക്കും വിസയ്ക്കും പ്രത്യേക പരിഗണന

വിദഗ്ധ ജോലിക്കാരുടെ അഭാവം കൊണ്ട് ബുദ്ധിമുട്ടുന്ന ജർമനി ഇന്ത്യയിൽ നിന്ന് 90,000ത്തോളം പേരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. ഒക്ടോബർ 16ന് ജർമൻ ചാൻസിലർ ഓലഫ് ഷോൾസിന്റെ മന്ത്രിസഭ ഇന്ത്യൻ കുടിയേറ്റം കൈകാര്യം ചെയ്യുന്നതിനും വിസ വേഗത്തിലാക്കാനും തീരുമാനമെടുത്തിരുന്നു. ഐ.ടി, ആരോഗ്യം, എൻജിനിയറിംഗ് മേഖലകളിലാണ് ജർമനിക്ക് ജീവനക്കാരെ അടിയന്തിരമായി ആവശ്യമുള്ളത്. വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികളുടെ കുടിയേറ്റം വേഗത്തിലാക്കാൻ ഈ വർഷം അവസാനത്തോടെ വീസ അപേക്ഷകൾ ഡിജിറ്റലൈസ് ചെയ്യാൻ ജർമനി തീരുമാനിച്ചിട്ടുണ്ട്. ജർമനിയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം ജർമനിയിലേക്ക് തൊഴിൽ തേടുന്നവരെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധി ഭാഷയാണ്.

ഈ കടമ്പ മറികടക്കാൻ ജർമൻ ഭാഷ ക്ലാസുകൾ സർക്കാർ തന്നെ നടത്താനും ജർമനിക്ക് ആലോചനയുണ്ട്. ജർമനിയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ സേവനങ്ങൾ നൽകുമെന്ന് ജർമൻ ലേബർ ഓഫീസ് അറിയിച്ചിട്ടുണ്ട്. ജർമനിയിലെ പഠനശേഷം വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണിത്. ദീർഘകാല തൊഴിൽ വീസ അനുവദിക്കുന്നതിന് എടുത്തിരുന്ന കാലതാമസം അടുത്തിടെ ജർമനി കുറച്ചിരുന്നു. ഇന്ത്യക്കാർക്ക് മുമ്പ് 9 മാസം വരെയെടുത്തിരുന്ന വീസ പ്രക്രിയയാണ് കേവലം രണ്ടാഴ്ച‌യാക്കി കുറച്ചത്. ഇവിടെ നിന്നുള്ള വിദഗ്‌ധ തൊഴിലാളികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ജർമൻ ചാൻസിലർ അടക്കമുള്ള പ്രതിനിധി സംഘം വരുന്ന ദിവസങ്ങളിൽ ഇന്ത്യയിലെത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )