
ജൽജീവൻ മിഷൻ പദ്ധതിക്കായി വെട്ടിക്കീറിയ റോഡുകൾ ചളിക്കുളം
- പൊളിച്ചിട്ട റോഡുകൾ നന്നാക്കണമെന്ന് മന്ത്രിയോട് പഞ്ചായത്ത്
കാരശ്ശേരി: പൈപ്പിടാൻ വെട്ടിക്കീറിയ റോഡുകൾ മഴ പെയിതത്തോടെ അപകടക്കെണിയായി. കാരശ്ശേരി, കൊടിയത്തൂർ ഗ്രാപ്പഞ്ചായത്തുകളിലെ മിക്ക റോഡുകളുടെ വശങ്ങളും കുഴികളും വെള്ളക്കെട്ടുകളുമായി.
ജൽജീവൻ മിഷൻ പദ്ധതിക്കായി വെട്ടിക്കീറിയ റോഡുകൾ പൈപ്പിടൽ പ്രവൃത്തി നേരത്തേ പൂർത്തീകരിച്ചെങ്കിലും റോഡിലെ ടാറിങ്, കോൺക്രീറ്റ് പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങിയതാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ പൊതുമരാമത്തു വകുപ്പുമന്ത്രിക്ക് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് അപേക്ഷ നൽകി. റോഡുകൾ പൊട്ടി പ്പൊളിഞ്ഞത് കാരണം അപകടങ്ങൾ പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ബാക്കിയുള്ള 40 കിലോമീറ്റർ ദൂരം പൈപ്പിടൽ നിർത്തിവെച്ചിരിക്കുകയാണ്. നിർത്തിവെച്ച ഭാഗത്ത് പൈപ്പിടുന്നതിന് വാട്ടർ അതോറിറ്റി ഗ്രാമപ്പഞ്ചായത്തിനോട് അനുമതി ചോദിച്ചെങ്കിലും പൊളിച്ചിട്ട റോഡുകൾ പൂർവസ്ഥിതിയിലാക്കിയിട്ട് മതി ബാക്കി പണിയെന്നാണ് ഭരണസമിതി തീരുമാനം